ജറുസലം: ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ പരമാവധി അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണം. ഇസ്രയേലിലെ പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ജാഗ്രത തുടരണം. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹമാസ് ആക്രമണത്തെ തുടർന്ന് മലയാളികൾ അടക്കം നിരവധിപേർ ബങ്കറുകളിൽ അഭയം തേടി.ശനിയാഴ്ച രാവിലെയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹമാസ് 5000 റോക്കറ്റുകൾ തൊടുത്ത് ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ചുപേർ മരിച്ചു. നിരവധിപേർക്കു പരുക്കേറ്റു. 35 ഇസ്രയേലി സൈനികരെ ബന്ദികളാക്കിയതായി ഹമാസ് വ്യക്തമാക്കി.
അതെസമയം ഗാസയ്ക്കു നേരേ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചുകഴിഞ്ഞു. ഹമാസ് കേന്ദ്രങ്ങളിലേക്കു വ്യോമാക്രമണം ആരംഭിച്ചതായും 14 ഇടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതായും ഇസ്രയേൽ സേന അറിയിച്ചു. യുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.
തെക്കൻ ഇസ്രയേലിൽ താമസിക്കുന്നവർ വീടിനു പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. 60 ഹമാസ് പോരാളികൾ രാജ്യത്തേക്കു നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ഇസ്രയേൽ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തെ യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു.