ആറ്റിങ്ങല്‍: ദുര്‍ഗന്ധം വമിക്കാത്ത തരത്തില്‍ രൂപകല്‍പന ചെയ്ത സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ആറ്റിങ്ങലില്‍ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന് തന്നെ മാതൃകയാകുമെന്ന് അധികൃതരുടെ വിലയിരുത്തല്‍.
മാലിന്യ സംസ്‌ക്കരണ രംഗത്ത് സംസ്ഥാനത്തിന് മാതൃകയായി മാറിയ ആറ്റിങ്ങലിലെ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിനുള്ളിലാണ് സ്വീവേജ് പ്ലാന്റും സ്ഥാപിക്കുന്നത്.
തിരുവനന്തപുരത്ത് മുട്ടത്തറ, എറണകുളത്ത് വെല്ലിംഗ്ടണ്‍ ഐലന്റ്, വയനാട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് നിലവില്‍ ഇത്തരം പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
അടുത്തിടെ ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഒരു സംഘം വയനാട്ടില്‍ ഏഴു സെന്റ് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു. ശേഷം നടത്തിയ പഠനത്തില്‍ പ്ലാന്റ് പരിസ്ഥിതി മലിനീകരണമോ ദുര്‍ഗന്ധമോ ഉണ്ടാക്കുന്നില്ലെന്ന് മനസിലായതിന് പിന്നാലെയാണ് ഇത് സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ച് വേസ്റ്റ് വാട്ടര്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.