ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് 17ന് തുടക്കം; പൊങ്കാല 25ന്, ഒരുക്കങ്ങൾ പൂർത്തിയായി

രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്.തുടർന്ന് ഉച്ചയ്‌ക്ക് 2.30ന് പൊങ്കാല നിവേദ്യം. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഇക്കൊല്ലത്തെ ഉത്സവം സമാപിക്കും.

author-image
Greeshma Rakesh
New Update
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് 17ന് തുടക്കം; പൊങ്കാല 25ന്, ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് 17ന് തുടക്കം. രാവിലെ 8 ന് കാപ്പുകെട്ടി കൂടിയിരുത്തുന്നതോടെയാണ് മഹോത്സവം ആരംഭിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല 25ന് നടക്കും. രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്.തുടർന്ന് ഉച്ചയ്‌ക്ക് 2.30ന് പൊങ്കാല നിവേദ്യം. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഇക്കൊല്ലത്തെ ഉത്സവം സമാപിക്കും.

എല്ലാ ദിവസവും രാത്രി 12 മണിക്ക് ദീപാരാധന കഴിഞ്ഞ് നട അടയ്‌ക്കുന്നതിന് മുമ്പാണ് നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്ര നടയില്‍ എത്തുന്നത്. മൂന്നാം ദിനമാണ് കുത്തിയോട്ട വൃതം ആരംഭിക്കുന്നത്. വ്രതശുദ്ധിയോടെ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കഴിയുന്ന കുത്തിയോട്ട ബാലന്മാര്‍ ഏഴുദിവസം കൊണ്ട് ആയിരത്തിയെട്ട് നമസ്‌കാരം പൂര്‍ത്തിയാക്കും.

പൊങ്കാല ദിവസം വൈകിട്ട് ദേവിയുടെ മുന്നില്‍ ചൂരല്‍ കുത്തി പുറത്തെഴുന്നള്ളുമ്പോള്‍ അകമ്പടി സേവിക്കും. തിരികെ ക്ഷേത്രത്തിലെത്തി ചൂരല്‍ ഇളക്കുന്നതോടുകൂടി കുത്തിയോട്ട വൃതം അവസാനിക്കും. പൊങ്കാല ദിവസം ബാലികമാര്‍ക്കുള്ള നേര്‍ച്ചയാണ് താലപ്പൊലി. പത്തു വയസ്സിന് താഴെയുള്ള ബാലികമാരാണ് താലപ്പൊലിയെടുക്കുക. രോഗശാന്തിക്കും അഭീഷ്ടസിദ്ധിക്കും ഐശ്വര്യാഭിവൃദ്ധിക്കും വേണ്ടിയാണ് താലപ്പൊലി നേര്‍ച്ചയെടുക്കുന്നത്.

ഒന്‍പതാം ഉത്സവദിവസം പൊങ്കാല കഴിഞ്ഞ് രാത്രിയോടെ ദേവി മണക്കാട് ശാസ്താം കോവിലിലേയ്‌ക്ക് എഴുന്നള്ളുന്നു. കലാപരിപാടികളും കുത്തിയോട്ട ബാലന്മാരും സായുധ പോലീസും അകമ്പടി സേവിക്കും. പിറ്റേ ദിവസം പ്രഭാതത്തോടുകൂടി ശാസ്താക്ഷേത്രത്തിലെ പൂജകഴിഞ്ഞ് മടങ്ങുന്ന ഘോഷയാത്ര ഉച്ചയോടുകൂടി ആറ്റുകാല്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും.

 

അന്നുരാത്രി 9.45 ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 30ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും എന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ചെയര്‍മാന്‍ എസ്.വേണുഗോപാല്‍, പ്രസിഡന്റ് വി.ശോഭ, സെക്രട്ടറി കെ.ശരത്കുമാര്‍, വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണന്‍ നായര്‍. ജോയിന്റ് സെക്രട്ടറി എ.എസ്.അനുമോദ്, ട്രഷറര്‍ എ.ഗീതാകുമാരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Thiruvananthapuram attukal pongala attukal pongala mahotsavam 2024