തിരുവനന്തപുരം: തലസ്ഥാന നഗരം യാഗശാലയായി, ഭക്തലക്ഷങ്ങള്‍ ആറ്റുകാല്‍ ദേവിക്കു പൊങ്കാലയര്‍പ്പിക്കുന്നു. രാവിലെ പത്തരയ്ക്കാണ് പൊങ്കാല അടുപ്പുകളില്‍ അഗ്നി പകര്‍ന്നത്.
ഞായറാഴ്ച രാവിലെ 10 ന് ശുദ്ധപുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പാണ്ഡ്യരാജാവിന്റെ വധിക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ പാടിത്തീര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.
ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്കു കൈമാറി.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിമാര്‍ക്കു കൈമാറി. തുടര്‍ന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശം തയ്യാറാക്കിയ പണ്ടാരയടുപ്പിലും തീ പകര്‍ന്നു. ഇവിടെ നിന്നു പകര്‍ന്നുകിട്ടുന്ന ദീപം ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കുന്ന പൊങ്കാലയടുപ്പുകളെ ജ്വലിപ്പിച്ചു.
ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. നിവേദ്യത്തിനായി 250-ഓളം ശാന്തിമാരെ വിവിധ മേഖലകളില്‍ ക്ഷേത്രം ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്. രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്.
രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങള്‍ എന്നിവ അകമ്പടിയാകും.
തിങ്കളാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.30-ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്കായി 500 ബസുകള്‍ ഓടിക്കും. 300 ബസുകള്‍ ജില്ലയില്‍ സര്‍വീസ് നടത്തും. 200 ദീര്‍ഘദൂര ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
ശനിയാഴ്ച പകലും വൈകിട്ടുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും ദേവീഭക്തര്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.