പത്തനംതിട്ട: രാത്രി കാലങ്ങളില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ വലഞ്ഞ് പത്തനംതിട്ടയിലെ മാലക്കര ഗ്രാമം. സാമൂഹ്യവിരുദ്ധര്‍ രാത്രികാലങ്ങളില്‍ വീടുകളിലേക്ക് കല്ലെറിയുന്ന സംഭവങ്ങള്‍ പത്തനംതിട്ട ആറന്മുളയിലെ മാലക്കര പ്രദേശത്ത് വ്യാപകമാവുയാണ്. കഴിഞ്ഞ ദിവസമുണ്ടായ കല്ലേറില്‍ നിന്ന് പ്രായമായവരും കുട്ടികളും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
രാത്രികാല ആക്രമണം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇഷ്ടികയും കാട്ടുകല്ലുകളുമാണ് എറിയാന്‍ ഉപയോഗിക്കുന്നത്. പുറത്തിറങ്ങി നോക്കുമ്പോള്‍ എറിഞ്ഞവരുടെ പൊടി പോലുമുണ്ടാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചെരിഞ്ഞ ഭൂപ്രദേശമായ ഇവിടെ മുകളില്‍ നിന്ന് തുടങ്ങി താഴെ വരെയുള്ള വീടുകളിലേക്കും ആക്രമണമുണ്ടാകുന്നുണ്ട്.
മുറ്റത്ത് പോലും ഇറങ്ങാനാവാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ ഈ മേഖലയില്‍ സിസിടിവി ഇല്ലാത്തതും അക്രമിയെ കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു.