ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മിസോറം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളെ പരസ്യപ്രചരണമാണ് അവസാനിക്കുന്നത്. ഛത്തീസ്ഗഡില്‍ നവംബര്‍ 7,17 തീയതികളിലായി രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനാണ് മിസോറാമില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
മിസോറാമില്‍ കോണ്‍ഗ്രസും ബിജെപിയും എംഎന്‍എഫും സെഡ്പിഎമ്മും പ്രചാരണ രംഗത്തുണ്ട്. മിസോ ദേശീയത മുന്നില്‍വച്ചാണ് എംഎന്‍എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. മോദി പ്രഭാവത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ബിജെപി പ്രചാരണ രംഗത്തുള്ളതെങ്കിലും നരേന്ദ്ര മോദി ഇത്തവണ മിസോറമില്‍ പ്രചരണത്തിനെത്തിയിരുന്നില്ല. ഛത്തീസ്ഗഡില്‍ ഭരണം തിരിച്ചു പിടിക്കാന്‍ ബിജെപിയും ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കോണ്‍ഗ്രസും ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
ബിജെപിയുടെ ലക്ഷ്യം ഹിന്ദുത്വവല്‍ക്കരണമാണ് എന്ന ആരോപണമുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.