ഡൽഹി: ഒരു മണിക്കൂർ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, മധ്യപ്രദേശിലും രാജസ്ഥാനിലും കനത്ത പോരാട്ടം തുടർന്ന് ബിജെപിയും കോൺഗ്രസും. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും എഴുപതിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.അതെസമയം ഏതാനും സീറ്റുകളിൽ ബിജെപിയാണ് മുന്നിൽ.
രാജസ്ഥാനിലും സമാന സാഹചര്യമാണ്. അറുപതിലധികം സീറ്റുകളിലാണ് ഇരുപാർട്ടികളും മുന്നിട്ടു നിൽക്കുന്നത്. ബിജെപിക്കാണ് രാജസ്ഥാനിൽ മേൽക്കൈ എങ്കിലും, ബിജെപിയെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
അതേ സമയം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറുകയാണ്. ഛത്തീസ്ഗഡിൽ അമ്പതോളം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി മുപ്പതിലധികം സീറ്റുകളുമായി പിന്നാലെയുണ്ട്. തെലങ്കാനയിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. അറുപതോളം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ ബിആർഎസ് മുപ്പതോളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചിരുന്നു.
എക്സിറ്റ് പോളുകൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മധ്യപ്രദേശിൽ 4 വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകുന്നു. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടുമാണ് അധികാരത്തിൽ.
ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പത്തരയോടെ ആദ്യചിത്രമറിഞ്ഞേക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90, തെലങ്കാന 119, രാജസ്ഥാൻ 199 സീറ്റുകളിലേക്കാണ് ജനവിധി.