കൊല്‍ക്കത്ത: മണിപ്പൂര്‍ കലാപം നടന്ന ജില്ലകളിലൊന്നായ ഫെര്‍സ്വാളിന്റെ കലക്ടറായി മലയാളി കൂടിയായ ആശിഷ് ദാസിനെ നിയമിച്ചു. കൊല്ലം സ്വദേശിയായ ആശിഷ് ദാസ് 2020 ബാച്ച് മണിപ്പൂര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
മണിപ്പൂര്‍ കലാപത്തിന്റെ പ്രഭവ കേന്ദ്രമായ ചുരാന്ദ്പുരിലാണ് കുക്കി, ഹമാര്‍, പൈതൈ, വാഫൈ ഗോത്രങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഫെര്‍സ്വാള്‍ ജില്ലയുടെ കലക്ടറേറ്റ് അടക്കമുള്ളവ സ്ഥിതി ചെയ്യുന്നത്.
ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തി ജില്ലയായ തെഗ്നോപാലിന്റെ എസ്ഡിഎം ആയിരുന്നു അദ്ദേഹം. ആശിഷ് ദാസ് ആണ് അതിര്‍ത്തി പട്ടണമായ മോറെയില്‍ കലാപം അവസാനിപ്പിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയത്.
കലാപം പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകളില്‍ മെയ്‌തെയ് വിഭാഗക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സുരക്ഷിതമായി ഇംഫാലിലേക്ക് വഴിയൊരുക്കിയത് ആശിഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ്.