റായ്പൂർ: ജാതി സെൻസസ് എന്ന ആശയത്തോട് ബിജെപി ഒരിക്കലും എതിരല്ലെന്നും എന്നാൽ തീരുമാനങ്ങൾ വളരെ ആലോചിച്ച് എടുക്കേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാതി സെൻസസ് ആവശ്യപ്പെട്ട് കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ പരാമർശം.
എല്ലാവരുമായി കൂടിയാലോചിച്ചതിന് ശേഷം പാർട്ടി ജാതി സെൻസസ് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഛത്തീസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എംപി രാഹുൽ ഗാന്ധി , ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ജാതി സെൻസസിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ തങ്ങൾ ഒരു ദേശീയ പാർട്ടിയാണ്, ഈ വിഷയത്തിൽ വോട്ട് രാഷ്ട്രീയം ചെയ്യുന്നില്ലെന്നും ഷാ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന കർണാടക ജാതി സെൻസസ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും ഖാർഗെ അടുത്തിടെ ഒരു പൊതുയോഗത്തിൽ പറഞ്ഞു. നവംബർ 7ന് ആരംഭിക്കുന്ന രണ്ട് ഘട്ട തെരഞ്ഞെടുപ്പിൽ പാർട്ടി ഭരണം നിലനിർത്തിയാൽ ഛത്തീസ്ഗഡിലും സമാനമായ പ്രവർത്തനം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു.