ന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ സാധാരണ ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ അപലപിച്ച് യുഎന്‍ സുരക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. 15 അംഗ സുരക്ഷാസമിതിയില്‍ 12 രാജ്യങ്ങളാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. എന്നാല്‍, റഷ്യയും ബ്രിട്ടനും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
ഹമാസ് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തെ അപലപിക്കുകയും ഗാസയിലെ പലസ്തീന്‍ ജനതയ്ക്കു സഹായമെത്തിക്കാനും ആവശ്യപ്പെട്ടായിരുന്നു ബ്രസീല്‍ പ്രമേയം കൊണ്ടുവന്നത്. ഗാസയില്‍ സഹായമെത്തിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ കാരണം ബ്രസീല്‍ കൊണ്ടുവന്ന പ്രമേയം വോട്ടിനിടുന്നത് രണ്ടുതവണ വൈകിപ്പിച്ചിരുന്നു.
സംഘര്‍ഷം വ്യാപിക്കുന്നതു തടയാനും ബന്ദികളെ മോചിപ്പിക്കാനും അമേരിക്ക നയതന്ത്രനീക്കങ്ങള്‍ നടത്തിവരികയാണെന്നു പ്രമേയം വീറ്റോ ചെയ്തതിന് പിന്നാലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് വ്യക്തമാക്കി.