വാഷിംഗ്ടൺ: ഇന്ത്യ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽവച്ച് കൊല്ലാനുള്ള ഗൂഢാലോചനയെ യുഎസ് പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. സിഖ് വിഘടനവാദിയെ തങ്ങളുടെ മണ്ണിൽവച്ച് വധിക്കാനുള്ള ഗൂഢാലോചനയെ അതീവ ഗൗരവത്തോടെയാണ് അമേരിക്ക കൈകാര്യം ചെയ്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആശങ്കയിൽ യുഎസ് സർക്കാർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതായും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യ ഭീഷണി വീഡിയോയുടെ പേരിൽ ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്ത് രണ്ട് ദിവസത്തിനിപ്പുറമാണ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.
അമേരിക്കൻ, കനേഡിയൻ പൗരനായ ഗുർപത്വന്ത് സിംഗ് പന്നൂൻ, യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവാണ്. സിഖ് ഫോർ ജസ്റ്റിസിനെ ഇന്ത്യ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കാനഡയിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി ആരോപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. ഈ വർഷം ജൂണിൽ കാനഡയിലെ സറേയിൽ നടന്ന വെടിവെപ്പിൽ ഖാലിസ്ഥാൻ പ്രവർത്തകനും അഭിഭാഷകനുമായ നിജ്ജാർ കൊല്ലപ്പെട്ടിരുന്നു.
അതെസമയം ട്രൂഡോയുടെ ആരോപണങ്ങൾ നയതന്ത്ര തർക്കത്തിന് കാരണമായിരുന്നു. ഈ ആരോപണം ഇന്ത്യൻ സർക്കാർ ശക്തമായി നിഷേധിക്കുകയും ചെയ്തു. ഗൂഢാലോചനയെക്കുറിച്ച് യുഎസ് അധികാരികൾ മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന് പറയാൻ പന്നൂൻ വിസമ്മതിച്ചതായും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.