കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ 43 സാക്ഷികളെ വിസ്തരിച്ചു. 10 തൊണ്ടിമുതലുകളും 95 രേഖകളും ഹാജരാക്കി.
എറണാകുളം പോക്‌സോ കോടതിയിലാണ് അതിവേഗം നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ പ്രതി അസഫാക് ആലത്തിനെതിരെ പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കി.
കഴിഞ്ഞ ജൂലൈയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തില്‍ വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ ജൂലൈ 28 ന് പ്രതി കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത് മുതല്‍ ആലുവ മാര്‍ക്കറ്റിലെത്തിക്കുന്നതുവരെ നേരില്‍ കണ്ട സാക്ഷികളെ വിസ്തരിച്ചു.
കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.കുട്ടിയുടെ സ്വകാര്യഭാഗത്തും വസ്ത്രങ്ങളിലും പ്രതിയുടെ ശരീരശ്രവങ്ങള്‍ ഉണ്ടെന്ന ഫോറന്‍സിക് പരിശോധനാ ഫലവും കോടതിയിലെത്തിച്ചു.
കുട്ടിയുടെ രക്തം പ്രതിയുടെ വസ്ത്രത്തിലുണ്ടായിരുന്നുവെന്നും തെളിഞ്ഞിരുന്നു. കുറ്റകൃത്യം നടന്ന് 83 ദിവസത്തിനകം പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ആണ് ഹാജരായത്.