ആലുവയിലെ ബലാത്സംഗക്കൊല; മാപ്പ് അര്‍ഹിക്കാത്ത കുറ്റം, പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

author-image
Priya
New Update
ആലുവയിലെ ബലാത്സംഗക്കൊല; മാപ്പ് അര്‍ഹിക്കാത്ത കുറ്റം, പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന്‍ പ്രതിക്കു ശിക്ഷ വിധിച്ചത്.

പ്രതി മുന്‍പ് നടത്തിയ സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പ് അര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തിയാണ് ശിക്ഷ വിധിച്ചത്.

പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നല്‍കുന്നതിലേക്ക് കോടതിയെ നയിച്ചു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങള്‍ പ്രതിക്കുമേല്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

 

കേസിന്റെ നാള്‍വഴികള്‍:

ജൂലായ് 28:

വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെയാണ് വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരിയെ പ്രതി അസ്ഫാക് ആലം ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുന്നത്.

പിന്നീട് ചൂര്‍ണിക്കരയില്‍ സമീപത്തെ കടയില്‍ നിന്ന് കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കി. പിന്നീട് പെണ്‍കുട്ടിയോടൊപ്പം പ്രതി കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി ആലുവയിലേക്ക് പുറപ്പെട്ടു.

ആലുവ സീമാസിന് മുന്‍പില്‍ ബസിറങ്ങിയ പ്രതി കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് നടക്കുന്നത് കണ്ട ചുമട്ടുതൊഴിലാളി പ്രതിയെ ചോദ്യം ചെയ്യുന്നു. ഇതിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് ബന്ധുക്കള്‍ അന്വേഷിക്കുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും.

വളരെ പെട്ടന്ന് തന്നെ പോലീസ് കുട്ടിയുടെ വീട്ടിലെത്തുകയും സമീപത്തെ സി.സി.ടി.വി. ക്യാമറകളില്‍ പരിശോധന ആരംഭിക്കുകയും ചെയ്തു. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പെരിയാറിന് തീരത്ത് ഒളിപ്പിച്ചു.

എന്നാല്‍ രാത്രിയോടെ തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് മദ്യലഹരിയിലായിരുന്ന അസ്ഫാക്ക് ആലത്തിനെ പിടികൂടി.

ജൂലായ് 29:

പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ച സ്ഥലം കണ്ടെത്തുന്നു. ശേഷം ആലുവ മാര്‍ക്കറ്റിനു പുറകില്‍ പുഴയോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

ഓഗസ്റ്റ് 1:

രാവിലെ തിരിച്ചറിയല്‍ പരേഡ് നടത്തി. ദൃക്സാക്ഷികള്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ശേഷം പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഓഗസ്റ്റ് 6:

പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാര്‍ക്കറ്റിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

സെപ്റ്റംബര്‍ 1:

കുട്ടിയെ കൊലപ്പെടുത്തി 35-ാം ദിവസം പോലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോബര്‍ 4:

കോടതിയില്‍ വിചാരണ ആരംഭിച്ചു. പ്രതിക്കെതിരെ 16 കുറ്റങ്ങള്‍ ചുമത്തി

നവംബര്‍ 4:

അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

നവംബര്‍ 9:

ശിക്ഷയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായി.

 

aluva murder case