പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ തനിയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പിടിയിലായ അഖിൽ സജീവ്. പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും, ബാസിത്, ലെനിൻ, റഹീസ് എന്നിവരാണ് പണം തട്ടിയതെന്നും മൊഴി നൽകി. എന്നാൽ അഖിലിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ് തട്ടിപ്പിലെ മുഖ്യപ്രതിയായ അഖിൽ സജീവനെ വെള്ളിയാഴ്ച പുലർച്ചെ തേനിയിൽ വച്ചാണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. തുടർന്ന് ഇയാളെ പത്തനംതിട്ട സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 2021ൽ പത്തനംതിട്ട സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത സിഐടിയു ഓഫിസിൽനിന്നു പണം തട്ടിയ കേസിലാണു പൊലീസ് നടപടി.
നിയമനക്കോഴക്കേസിൽ കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിൽ റജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കിയതിനു ശേഷം കന്റോൺമെന്റ് പൊലീസിനു കൈമാറും. ചെന്നൈ പൊലീസിന്റെ സൈബർ വിഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് തേനിയിൽനിന്ന് പ്രതിയെ കണ്ടെത്തിയത്.