ശരദ് പവാറിനെ കണ്ട അജിത് ഡല്‍ഹിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തി

എന്‍.സി.പി നേതാവ് ശരദ് പവാറിനെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെത്തിയ എന്‍.സി.പി വിമത വിഭാഗം നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

author-image
Web Desk
New Update
ശരദ് പവാറിനെ കണ്ട അജിത് ഡല്‍ഹിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തി

 

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: എന്‍.സി.പി നേതാവ് ശരദ് പവാറിനെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെത്തിയ എന്‍.സി.പി വിമത വിഭാഗം നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പവാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അജിത് പവാര്‍ അമിത് ഷായെ കണ്ടതിനെ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം) നേതാക്കള്‍ വിമര്‍ശിച്ചു.

ശരദ് പവാറിന്റെ സഹോദരന്‍ പ്രതാപ്‌റാവു പവാറിന്റെ പൂനെയിലെ വസതിയില്‍ നടന്ന കുടുംബസംഗമത്തിലായിരുന്നു രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ശരദ് - അജിത് കൂടിക്കാഴ്ച. ദീപാവലിയുടെ ഭാഗമായി നടന്ന കുടുംബസംഗമത്തില്‍ തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരായ പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഡങ്കിപ്പനിയെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി വിശ്രമത്തിലായിരുന്ന അജിത് പവാര്‍ വെള്ളിയാഴ്ചയാണ് ആദ്യമായി പുറത്തിറങ്ങിയത്. എന്‍.സി.പി പിളര്‍പ്പിന് ശേഷം ശരദ് പവാറുമായുള്ള അജിത്തിന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്.

എന്‍.സി.പിയിലെ പിളര്‍പ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അനുകൂലമായാല്‍ അജിത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അജിത് അമിത് ഷായെ കണ്ടത്.

ഡല്‍ഹിയില്‍ എന്തോ പാചകം ചെയ്യുന്നു

ഡല്‍ഹിയില്‍ എന്തോ പാചകം ചെയ്യുന്നുണ്ടെന്ന് ശിവസേന(ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. രോഗബാധിതനായ ഒരാള്‍ അസുഖമില്ലാത്ത ഒരാളെ കാണാന്‍ പോകുന്നത് ഇതാദ്യമായാണ് ഞാന്‍ കേള്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.

അജിത് പവാറിന്റെ ഡല്‍ഹി സന്ദര്‍ശനത്തെ ഒരു രാഷ്ട്രീയ രോഗമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഡല്‍ഹിയില്‍ എന്തോ പാചകത്തിലാണ്. ജനങ്ങള്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയും. മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു. എന്നാല്‍ ശരദ് പവാര്‍ ഒരു രാഷ്ട്രീയ അട്ടിമറിക്ക് കൂട്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ അത് പണ്ടേ സംഭവിക്കേണ്ടതായിരുന്നു. അതുല്‍ ലോന്ദെ വ്യക്തമാക്കി.

ശരദ് പവാറും അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് ശരദ് പവാറിന്റെ മകളും ലോകസഭാംഗവുമായ സുപ്രിയ സുലെ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം ഞങ്ങള്‍ വ്യക്തിബന്ധം നിലനിര്‍ത്തുന്നു. സുലെ വ്യക്തമാക്കി.

ചര്‍ച്ച തീരുമാനങ്ങളാകാത്ത രാഷ്ട്രീയ പ്രശ്‌നങ്ങളിലെന്ന്

കുറച്ച് കാലമായി തീരുമാനമെടുക്കാത്ത ചില രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടായിരുന്നതായി എന്‍.സി.പി (അജിത് വിഭാഗം) വക്താവ് സുനില്‍ തത്കരെ പറഞ്ഞു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ സുഖമില്ലാതെ കിടന്നത് മൂലം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം പറഞ്ഞു.

മറാഠ സംവരണ പ്രക്ഷോഭം, എന്‍.സി.പിയിലെ നിയമപോരാട്ടം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷാ - അജിത് പവാര്‍ കൂടിക്കാഴ്ച്ച. അജിത്തിനൊപ്പം പ്രഫുല്‍ പട്ടേല്‍, സഞ്ജയ് തത്കരെ എന്നിവരും അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

 

 

ncp shard pawar ajit pawar maharshtra national news