ഷർട്ട് ധരിക്കാതെ കമ്പനിയുടെ മാനേജ്‌മന്റ് യോഗത്തിൽ പങ്കെടുത്ത എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസിനെതിരെ വ്യാപക വിമർശം. മലേഷ്യൻ എയർലൈൻസിന്റെ പ്രവർത്തനത്തെ പ്രശംസിച്ച് സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിൽ ടോണി ഫെർണാണ്ടസ് പങ്കുവച്ച ചിത്രമാണ് വിവാദമായത്.
ഷർട്ട് ധരിക്കാതെ കസേരയിൽ ഇരുന്ന് മാനേജ്‌മന്റ് യോഗത്തിനിടെ മസാജ് ആസ്വദിക്കുന്ന ചിത്രവും, ഇത് ലഭ്യമാക്കിയ എയർ ഏഷ്യയുടെ തൊഴിൽ സംസ്കാരത്തെ പ്രശംസിച്ചുമാണ് ടോണി പോസ്റ്റ് പങ്കുവച്ചത്. ഇതിനെതിരെ, വ്യാപക വിമർശനങ്ങളാണ് കമന്റിൽ നിറഞ്ഞത്. തൊഴിലിന് ചേരാത്ത തരത്തിലുള്ള പ്രവൃത്തിയയാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭൂരിഭാഗം വിമർശനങ്ങളും.
ബ്രിട്ടനിലെ ഏറ്റവും മികച്ച എപ്സം കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഫെർണാണ്ടസ് 2001-ൽ മലേഷ്യൻ ഗവൺമെന്റിൽ നിന്ന് ഒരു ഡോളറിൽ താഴെ വിലയ്ക്ക് ബജറ്റ് എയർലൈനായ എയർഏഷ്യ വാങ്ങി. മുൻ കാറ്റർഹാം എഫ് 1 ഫോർമുല വൺ ടീമിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ഈ വർഷം ജൂലൈ വരെ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ് ഫുട്ബോൾ ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരിയുടെ ഉടമയും അദ്ദേഹമായിരുന്നു.