ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വ്യാപകമായി നിയന്ത്രണം ലംഘിച്ച് നടന്ന പടക്കം പൊട്ടിക്കലിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുഗുണ നിലവാര തോത് വീണ്ടും മോശമായി. ഇതിന് പിന്നാലെ ഇത് സംബന്ധിച്ച് ബി.ജെ.പിയും എ.എ.പിയും തമ്മില്‍ വാക്ക്‌പോര് രൂക്ഷമായി.
ഇന്നലെ രാവിലെ മുതല്‍ ദേശീയ തലസ്ഥാനത്ത് കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വായുഗുണ നിലവാര സൂചിക പലസ്ഥലത്തും 500 ന് മുകളിലെത്തി. ചിലയിടങ്ങളില്‍ ഇത് 900 കടന്നു. മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയം മേഖലയില്‍ 999 വരെയെത്തി. പിന്നീട് ഇത് കുറഞ്ഞ് 500 ലെത്തി.
പൊതുവെ വായു മലിനീകരണം രൂക്ഷമാകാറുള്ള ആനന്ദ് വിഹാറില്‍ വായു നിലവാര സൂചിക 849 വരെയെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ മഴയും കാറ്റും ലഭിച്ചതിനെ തുടര്‍ന്ന് വായു ഗുണ നിലവാര സൂചിക 218 ലേക്കെത്തിയിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഈ സീസണിലെ ഏറ്റവും മികച്ച വായു നിലവാരമായിരുന്നു ഇത്.
പടക്കം പൊട്ടിക്കാന്‍ ബി.ജെ.പി പ്രേരിപ്പിച്ചെന്ന് എ.എ.പി, ദീപാവലി ആഘോഷമാണ് ഇവരുടെ പ്രശ്‌നമെന്ന് ബി.ജെ.പി
ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടും ബി.ജെ.പി ജനങ്ങളെ പടക്കം പൊട്ടിക്കാന്‍ പ്രേരിപ്പിച്ചതായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വായു ഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 ല്‍ എത്തിയിരുന്നു. ഇത് വീണ്ടും മോശമാകരുതെന്ന് തീരുമാനിച്ചത് കൊണ്ട് ഭൂരിപക്ഷം ഡല്‍ഹി നിവാസികളും പടക്കം പൊട്ടിക്കേണ്ടയെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണം മറികടന്ന് പടക്കം പൊട്ടിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിന്റെ വിലയാണ് ഡല്‍ഹി ഇന്ന് അനുഭവിക്കുന്നത്. മന്ത്രി ആരോപിച്ചു.
ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നതാണ് എ.എ.പിയും കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികളുടെ പ്രശ്‌നമെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി ആരോപിച്ചു. സനാതന ധര്‍മ്മം പിന്തുടരുന്ന ഉത്സവങ്ങള്‍ ജനം ആഘോഷിക്കരുതെന്നാണ് അവരുടെ ആഗ്രഹം. വന്‍ തോതില്‍ പടക്കം പൊട്ടിച്ചെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ഹരിത പടക്കങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസം ജനങ്ങള്‍ പൊട്ടിച്ചത്. അദ്ദേഹം ചൂണ്ടിക്കാട്ടി.