ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്ന് സ്വന്തം നാട്ടിലേക്ക് എത്തുന്ന അഫ്ഗാനികൾ നേരിടുന്നത് വൻ പ്രതിസന്ധി. ശരിയായ പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, ടോയ്ലറ്റുകൾ തുടങ്ങീ അതിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അഫ്ഗാനികൾ തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുന്നതായി എയ്ഡ് ഏജൻസികൾ പറയുന്നു.
രാജ്യത്ത് അനധികൃതമായി കഴിയുന്ന അഫ്ഗാൻ അഭയാർത്ഥികൾ രാജ്യം വിടാൻ പാകിസ്ഥാൻ അനുവദിച്ച സമയപരിധി ഒക്ടോബർ 31-ന് അവസാനിച്ചിരുന്നു. രാജ്യം വിടാത്തവരെ കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യുമെന്ന നിലപാടിലായിരുന്നു പാകിസ്ഥാൻ. അറസ്റ്റും കുടിയൊഴിപ്പിക്കലും ഭയന്നാണ് അഫ്ഗാനികൾ തിരികെ നാട്ടിലേയ്ക്ക് പലായനം ചെയ്യുന്നത്.
ഏകദേശം 17 ലക്ഷത്തോളം അഫ്ഗാൻ അഭയാർത്ഥികളാണ് പാകിസ്ഥാനിൽ ഉണ്ടായിരുന്നത്. ഇതിനകം ലക്ഷക്കണക്കിനുപേർ അഫ്ഗാനിലേക്ക് പലായനം ചെയ്തു. പതിനായിരങ്ങൾ അതിർത്തി മേഖലകളിൽ കുടുങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.
ടോർഖാം, ചമൻ എന്നീ രണ്ട് പ്രധാന അതിർത്തികളിൽ നിന്നാണ് അഫ്ഗാനികൾ പാകിസ്ഥാൻ വിടുന്നത്. അഫ്ഗാനിസ്ഥാനിലെ ജന്മസ്ഥലത്തേക്ക് മാറാൻ അവർ തയ്യാറെടുക്കുമ്പോൾ ആളുകൾക്ക് താമസിക്കാൻ താലിബാൻ മറുവശത്ത് ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
ടോർഖാമിന് ശരിയായ അഭയകേന്ദ്രമില്ലെന്ന് എയ്ഡ് ഏജൻസികൾ പറഞ്ഞു. കുടിവെള്ളം,വെളിച്ചം, ടോയ്ലറ്റ് എന്നിവയില്ല. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തേണ്ട സ്ഥിതിയാണ്. അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ആയിരങ്ങൾക്കായി യുഎൻ ഏജൻസികളും സഹായ സംഘങ്ങളും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
കായൽ മുഹമ്മദ് 17 വർഷമായി വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിൽ താമസിച്ചുവരികയായിരുന്നു. അഞ്ച് കുട്ടികളുള്ള അദ്ദേഹവും കുടുംബവും ഒരാഴ്ച മുമ്പ് അഫ്ഗാൻ അതിർത്തിയിലേക്ക് നാടുകടത്തപ്പെട്ടു. വീട്ടുസാധനങ്ങളൊന്നും തന്നോടൊപ്പം കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ലെന്ന് മുഹമ്മദ് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. മുഹമ്മദിനും കുടുംബത്തിനും സ്വന്തമായുണ്ടായിരുന്നതെല്ലാം പാകിസ്ഥാനിലാണ്.
“ഞങ്ങൾക്ക് താലിബാൻ സർക്കാരിനോട് സഹായം ചോദിക്കാൻ കഴിയില്ല, അവർക്ക് ഒന്നുമില്ല, കാരണം അവർ ഇതുവരെ ഒരു സർക്കാരായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവിടെ ഒന്നുമില്ലാത്ത, ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുണ്ട്. അവർ തുറന്ന പ്രദേശത്താണ്
ജീവിക്കുന്നത്. ആരും സഹായിക്കുന്നില്ല.” മുഹമ്മദ് പറഞ്ഞു.
പാക്കിസ്ഥാനിൽ മടങ്ങിയെത്തുന്നവരിൽ പലരും വിദ്യാഭ്യാസ രേഖകളില്ലാതെ മടങ്ങിവരുന്നതിനാൽ പഠനം തുടരുന്നത് ബുദ്ധിമുട്ടാണെന്നും ഉറുദുവും ഇംഗ്ലീഷും പഠിച്ചതിനാൽ പ്രാദേശിക അഫ്ഗാൻ ഭാഷകളായ ദാരി, പാഷ്തോ എന്നിവ അറിയാത്തവരാണെന്നും സേവ് ദി ചിൽഡ്രൻ കൺട്രി ഡയറക്ടർ അർഷാദ് മാലിക് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ബാലവേലയും കള്ളക്കടത്തും ദാരിദ്ര്യം കാരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കാരണം മടങ്ങിവരുന്ന മിക്ക കുടുംബങ്ങളും പാകിസ്ഥാനിലെ ദരിദ്രരായ കുടിയേറ്റക്കാരിൽ ഉൾപ്പെടുന്നവരാണ്.
മുൻകാലങ്ങളിൽ കുട്ടികൾ ടോർഖാമിൽ കള്ളക്കടത്ത് നടത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കള്ളക്കടത്തിലും അനധികൃത ചരക്ക് കൈമാറ്റത്തിലും കുട്ടികളുടെ പങ്കാളിത്തം വർദ്ധിക്കുമെന്നത് മാറ്റൊരു ആശങ്കയാണെന്നും മാലിക് പറഞ്ഞു.
ഭക്ഷണവും വെള്ളവും പുതപ്പും വിതരണം ചെയ്തുകൊണ്ട് അഫ്ഗാനികളെ സഹായിക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന കമ്മിറ്റികൾ തങ്ങൾക്കുണ്ടെന്ന് താലിബാൻ പറയുന്നു.താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തിയതോടെ അഫ്ഗാനിസ്ഥാൻ നേരിടേണ്ടിനവരുന്നത് നിരവധി വെല്ലുവിളികളാണ്.
വർഷങ്ങളായുള്ള വരൾച്ചയും പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയും പതിറ്റാണ്ടുകളുടെ യുദ്ധത്തിന്റെ അനന്തരഫലങ്ങളും ദശലക്ഷക്കണക്കിന് അഫ്ഗാനികളുടെ ആഭ്യന്തര കുടിയൊഴിപ്പിക്കലിലേക്കാണ് നയിച്ചത്.