ഗ്രീഷ്മ രാകേഷ്
തിരുവനന്തപുരം: കനത്ത മഴ തോര്‍ന്നിട്ടും ദുരിതമൊഴിയാതെ തലസ്ഥാനം.ഓരോ വീടുകളിലും ചെന്നാള്‍ മുട്ടോളം ചെളിയാണ് കാണുന്ന കാഴ്ച.വീടുകള്‍ വൃത്തിയാക്കി പഴയതുപോലെയാക്കാന്‍ ഇനിയും രണ്ടാഴ്ചയെങ്കിലും വേണ്ടിവരും.ശനിയാഴ്ച രാത്രി 2 മണിയോടെയാണ് ശക്തമായ മഴപെയ്ത് വീടുകളില്‍ വെള്ളം കയറിയത്.
തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലുള്ള തൈക്കൂട്ടം,പനവിള, പുത്തന്‍പാലം, ഗൗരീശപട്ടം പ്രദേശങ്ങളെയാണ് മഴ കൂടുതലായി ബാധിച്ചത്.അതിശക്തമായ മഴയില്‍ ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞതോടെയാണ് വീടുകളിലേയ്ക്ക് വെള്ളം കയറിയത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ കഴിഞ്ഞ 10, 25 വര്‍ഷത്തിനിടെ ഇതുപോലെ വെള്ളം കയറിയിട്ടില്ലെന്നാണ് പറയുന്നത്.പ്രളയസമയത്ത്പോലും തിരുവനന്തപുരം നഗരം കണ്ടിട്ടില്ലാത്ത അവസ്ഥയാണ് ശനിയാഴ്ച അഭിമുഖീകരിക്കേണ്ടിവന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ശക്തമായ മഴ കാരണമുണ്ടായ വെള്ളക്കെട്ടോടെ പുത്തന്‍പാലം തൈക്കൂട്ടത്ത് കോളനിയിലെ ഒരൊറ്റ മുറിയില്‍ താമസിക്കുന്ന 80കാരനായ സുധാകരനെപോലുള്ളവരുടെ അവസ്ഥ കൂടുതല്‍ ദുരിതത്തിലേയ്ക്ക് വഴിമാറി. മണ്‍കട്ടകൊണ്ട് നിര്‍മ്മിച്ച പൂര്‍ണ്ണമായും ഇടിഞ്ഞുപൊളിഞ്ഞ ഒരൊറ്റ മുറിയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന സുധാകരന് ഉറ്റവരോ ഉടയവരോ ഇല്ല. ആകെയുള്ള വീടാകട്ടെ കനത്തമഴയില്‍ ഇടിഞ്ഞുപൊളിഞ്ഞ് വാസയോഗ്യമല്ലാത്ത സ്ഥിതിയിലായി.
എന്നാല്‍ പോകാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ ഈ വീട്ടില്‍ തുടരുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല. ചുറ്റുമുള്ള പറമ്പില്‍ വീഴുന്ന തേങ്ങയും മറ്റും ശേഖരിച്ച് വിറ്റാണ് ഉപജീവനം. സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ കഴിവില്ല. ഇതോടെ ഒരു വീടിനായി അധികൃതരെ സമീപിച്ചു. ലൈഫ് മിഷന്‍ വഴി വീട് അനുദിച്ചിരുന്നെങ്കിലും പിന്നീട് പലകാരണങ്ങളും പറഞ്ഞ് അധികൃതര്‍ വീട് നല്‍കിയില്ലെന്ന് സുധാകരന്‍ പറഞ്ഞു.ഇപ്പോഴിതാ അപ്രതീക്ഷിതമായുള്ള വെള്ളക്കെട്ടില്‍ സുധാകരന്റെ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്.
ഈ പ്രദേശങ്ങളിലെ ഏകദേശം 40 ലധികം വീടുകളാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തി വാസയോഗ്യമല്ലാത്ത സ്ഥിതിയിലായത്. രാത്രിയായതുകൊണ്ടു തന്നെ പലര്‍ക്കും നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നു. വീടുകളുടെ പകുതിയോളവും വെള്ളം കയറിയതോടെ രോഗികളുള്‍പ്പെയുള്ളവരുടെ സ്ഥിതി മോശമായി. വെള്ളം കയറിയ വീടുകളില്‍ ഭൂരിഭാഗവും നിര്‍ദ്ധന കുടുംബങ്ങള്‍ താമസിക്കുന്നതായിരുന്നു. മണ്‍കട്ട ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകളില്‍ വെള്ളം കയറിയതോടെ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലും ഭയത്തിലുമാണ്. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാം.
ഇന്നലെ വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയെങ്കിലും ഇവിടെ അവസ്ഥ ദയനീയമാണ്. വെള്ളക്കെട്ടിനു പിന്നാലെ വീടിനകത്തും പുറത്തും ചെളിക്കെട്ടി കിടക്കുന്നത് പ്രദേശത്ത് ദുര്‍ഗന്ധത്തിനും മലിനീകരണത്തിനും ഇടയായിട്ടുണ്ട്. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞതോടെ വീടുകളിലേയ്ക്ക് വെള്ളത്തോടൊപ്പം മാലിന്യങ്ങളും കുന്നുകൂടി.ഇത് ഇവരുടെ ആരോഗ്യത്തെ കൂടുതല്‍ വശളാക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
വെള്ളം കയറിയ വീടുകളിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍, വസ്ത്രം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങളും ഉപയോഗ്യശൂന്യമായ അവസ്ഥയിലാണ്.മാറിയുടുക്കാന്‍ വസ്ത്രമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ലാത്ത അവസ്ഥ. സമീപത്തെ പല ഇരുനില കെട്ടിടങ്ങളുടെയും ഒന്നാംനിലയില്‍ വെള്ളം കയറിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളംകയറി ഏറെക്കുറെ നശിച്ച അവസ്ഥയിലാണ്. വെള്ളം ഇറങ്ങിയിട്ടും പല വീടുകളും വാസയോഗ്യമല്ല. ബന്ധുക്കളുടെ വീടുകളിലേയ്ക്ക് താല്ക്കാലിക അഭയം തേടിയിരിക്കുകയാണ് ചില കുടുംബങ്ങള്‍. കുട്ടികളുടെ പുസ്തകങ്ങള്‍, ബുക്കുകള്‍ ഉള്‍പ്പെടെയുള്ള പാഠനസാമഗ്രികകളും വെള്ളം കയറി നശിച്ചതും മറ്റൊരു പ്രശ്‌നമായി . പല കുടുംബങ്ങളുടേയും പ്രധാനപ്പെട്ട രേഖകളും നഷ്ടമായി.
ആമയിഴഞ്ചാന്‍ തോട്ടിലെ വെള്ളം കലങ്ങിമറിഞ്ഞ അവസ്ഥയില്‍ തുടരുകയാണ്.നിലവില്‍ വെള്ളം ഇറങ്ങിയെങ്കിലും ഇനിയുമൊരു ശക്തമായ മഴപെയ്താല്‍ എന്താവും സ്ഥിതിയെന്ന ആശങ്കയിലാണ് ഇവിടെ ജനങ്ങള്‍.