കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 4000 കടന്നതായി അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ പശ്ചിമ മേഖലയെയാണ് ഭൂകമ്പം സാരമായി ബാധിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ട് ഭൂകമ്പങ്ങളില്‍ രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിശദമാക്കി.
20 ഗ്രാമങ്ങളിലായി 1980 മുതല്‍ 2000 വീടുകള്‍ തകര്‍ന്നുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വക്താവ് തിങ്കളാഴ്ച കാബൂളില്‍ വിശദമാക്കിയത്. ശനിയാഴ്ച പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രക്ഷാപ്രവര്‍ത്തനം അവസാനിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ മേഖലയില്‍ രണ്ട് തുടര്‍ ഭൂചലനങ്ങളും ഉണ്ടായിട്ടുണ്ട്.
1000 ത്തിലധികം രക്ഷാ പ്രവര്‍ത്തകര്‍ 35 സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വക്താവ് വിശദമാക്കിയത്.