ഡൽഹി: പിന്നാക്ക വിഭാഗത്തിൽപെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന് സുപ്രീംകോടതി ഭരണഘടന ബഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥിന്റേതാണ് നീരീക്ഷണം.
സാമൂഹ പശ്ചാത്തലത്തിൽ മുന്നോട്ട് പോയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു.ഒരാൾക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാൽ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്.
ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികൾക്കോ മറ്റു സാമൂഹിക സാഹചര്യത്തിൽ നിന്ന് മാറ്റം ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് വീണ്ടും തലമുറകൾക്ക് സംവരണം നൽകുന്നതെന്ന് വാദത്തിനിടെ ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആർ ഗവായ് ഉന്നയിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സർക്കാർ ജോലികളിലും പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ സംവരണത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഉപസംവരണം ഏർപ്പെടുത്താമോയെന്ന ഹർജിയിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേൾക്കുന്നത്.