'ഇതേ വേദനയിലൂടെ കടന്നുപോയ ഒരാളാണ് ഞാന്‍'; കുട്ടിക്കര്‍ഷകര്‍ക്ക് പണം കൈമാറി ജയറാം

പശുക്കള്‍ വിഷബാധയേറ്റ് കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. എബ്രഹാം ഓസ്ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം നേരിട്ടെത്തി കുട്ടികള്‍ക്ക് നല്‍കിയത്.

author-image
Priya
New Update
'ഇതേ വേദനയിലൂടെ കടന്നുപോയ ഒരാളാണ് ഞാന്‍'; കുട്ടിക്കര്‍ഷകര്‍ക്ക് പണം കൈമാറി ജയറാം

ഇടുക്കി: പശുക്കള്‍ വിഷബാധയേറ്റ് കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. എബ്രഹാം ഓസ്ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം നേരിട്ടെത്തി കുട്ടികള്‍ക്ക് നല്‍കിയത്. ഇതേ വേദനയിലൂടെ കടന്നുപോയ ഒരാളാണ് താനെന്ന് ജയറാം പറഞ്ഞു.

'' ഇതേ വേദനയിലൂടെ കടന്നുപോയ ഒരാളാണ് ഞാന്‍. ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു പശുക്കുട്ടി കുഴഞ്ഞ് വീണ് ചത്തു.

വയറെല്ലാം വീര്‍ത്ത് വായില്‍ നിന്ന് നുരയും പതയുമൊക്കെ വന്നു. വൈകുന്നേരമായപ്പോഴേക്കും 22 പശുക്കള്‍ കൂടി പോയി. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

പക്ഷേ എങ്ങനെയാണെന്നറിയില്ല. പശുവിനെ വാങ്ങുന്നതിന് ഞാന്‍ ആരെയും ഏല്‍പ്പിക്കാറില്ല. ഞാനും ഭാര്യയും മക്കളും എല്ലാവരും ചേര്‍ന്ന് നേരില്‍ പോയി കണ്ടാണ് വാങ്ങാറുള്ളത്.

ഓരോ പശുവിനെയും പ്രത്യേക പേരിട്ട് വിളിക്കും. ചത്ത പശുക്കളുടെ ദേഹം ജെസിബി ഉപയോഗിച്ച് കുഴിയിലേക്ക് മാറ്റുമ്പോള്‍ ഞാനും ഭാര്യയും മക്കളുമെല്ലാം പൊട്ടിക്കരയുകയായിരുന്നു.

പത്രത്തില്‍ കുട്ടികളുടെ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഞാന്‍ എബ്രഹാം ഓസ്ലറിന്റെ സംവിധായകനെയും നിര്‍മാതാവിനെയും വിളിച്ചു. ട്രെയ്ലര്‍ ലോഞ്ചിന് ചെലവാകുന്ന പണം കുട്ടികള്‍ക്ക് കൊടുത്താലോ എന്ന് ചോദിച്ചു. അവര്‍ അതിന് സമ്മതിച്ചു.

പൃഥ്വിരാജാണ് ട്രെയ്ലര്‍ ലോഞ്ച് ചെയ്യാനിരുന്നത്. അദ്ദേഹത്തെയും വിളിച്ച് കാര്യം അവതരിപ്പിച്ചു. തൊഴുത്ത് വിപുലീകരിക്കാനും മറ്റും സഹായം ചെയ്യും' ജയറാം പറഞ്ഞു. കിഴക്കേപ്പറമ്പില്‍ മാത്യുവും ജോര്‍ജും വളര്‍ത്തിയിരുന്ന 13 കന്നുകാലികളാണ് കുഴഞ്ഞു വീണ് ചത്തത്.

farmers jayaram