തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ് സാക്ഷരത മിഷന്റെ ബ്രാന്‍ഡ് അംബാസഡറാകും. പത്താം ക്ലാസ് തുല്യത പഠനത്തിന് ചേര്‍ന്നതിന് പിന്നാലെയാണ് ഈ സുവര്‍ണ അവസരം പ്രിയ നടനെ തേടിയെത്തുന്നത്.
സാക്ഷരത മിഷന്‍ സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ നല്‍കും. തുല്യത പഠനങ്ങളുടെ 25-ാം വര്‍ഷികത്തോടനുബന്ധിച്ചാണ് ശുപാര്‍ശ. നാലാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്ന പഠനം തുടരാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇന്ദ്രന്‍സ് തന്റെ 67ാം വയസ്സില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാകുന്നത്.
പഠിക്കാന്‍ കഴിയാതിരുന്നതിന്റെ വിഷമം അദ്ദേഹം പലപ്പോഴും പങ്കുവെച്ചിരുന്നു. നവകേരള സദസ്സിന്റെ ചടങ്ങിലും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
നിങ്ങളെല്ലാവരും വലിയ പഠിപ്പുള്ളവരാണെന്നും ഞാന്‍ പഠിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം അപ്പോള്‍ പറഞ്ഞിരുന്നത്.ഇതേ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും വിദ്യാര്‍ത്ഥിയാകാനൊരുങ്ങുന്നത്.
സാക്ഷരത മിഷന്റെ പത്താം ക്ലാസ് തുല്യതാ പഠനത്തിലൂടെ വിദ്യാര്‍ത്ഥിയാകാനൊരുങ്ങുന്ന നടന്റെ പഠനകേന്ദ്രം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആണ്. ഇന്ദ്രന്‍സ് പഠിക്കാന്‍ ആവശ്യമായ സമ്മത പത്രവും പ്രഥമാധ്യാപിക എല്‍ ശ്രീലേഖയ്ക്ക് കൈമാറിയിരുന്നു.