കൊച്ചി: ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി ഇഡിക്ക് മുന്നിൽ ഹാജരായി. കമ്പനി ഉടമയായ പ്രതാപനാണ് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ കീഴടങ്ങിയത്. കേസിൽ 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
നേരത്തെ, ഹൈറിച്ച് ഓഫിസുകളിലെ ഇ.ഡി റെയ്ഡിനു പിന്നാലെയാണ് കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽപോയത്. പിന്നീട്, മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, പ്രതികൾ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് തിങ്കളാഴ്ച പ്രതാപൻ ഇ.ഡിക്കുമുന്നിൽ ഹാജരായത്.അതെസമസം ഭാര്യ സീന ചോദ്യംചെയ്യലിന് ഹാജരാകുമോ എന്ന കാര്യം വ്യക്തമല്ല.
100 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ആളുകളിൽനിന്നു നിക്ഷേപമായി സ്വീകരിച്ച പണം വിദേശത്തേക്ക് ഹവാല വഴി കടത്തിയെന്നും റിപ്പോർട്ടുണ്ട്. പ്രതാപൻറെ ചോദ്യംചെയ്യൽ പൂർത്തിയായാൽ അറസ്റ്റ് നടപടികൾക്കും സാധ്യതയുണ്ട്.