സിനിമാ തിയേറ്ററില്‍ അര്‍ദ്ധ നഗ്‌നനായി മോഷണം; ഒടുവില്‍ പിടിയില്‍

സിനിമാ തിയേറ്ററില്‍ അര്‍ദ്ധ നഗ്‌നനായി സിനിമ കാണാനെത്തുന്നവരുടെ പേഴ്സ് മോഷ്ടിക്കുന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍. വയനാട് സ്വദേശി വിപിന്‍ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് സമാനമായ രീതിയില്‍ മോഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

author-image
Web Desk
New Update
സിനിമാ തിയേറ്ററില്‍ അര്‍ദ്ധ നഗ്‌നനായി മോഷണം; ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: സിനിമാ തിയേറ്ററില്‍ അര്‍ദ്ധ നഗ്‌നനായി സിനിമ കാണാനെത്തുന്നവരുടെ പേഴ്സ് മോഷ്ടിക്കുന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍. വയനാട് സ്വദേശി വിപിന്‍ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് സമാനമായ രീതിയില്‍ മോഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയേറ്ററില്‍ മോഷണം നടത്താന്‍ ശ്രമിക്കവെയാണ് ഇയാളെ തിയറ്റര്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടിയത്.

പ്രതിയെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയവരുടെ പേഴ്സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.

അന്വേഷണം പുരോഗമിക്കുമ്പോഴാണ് വെള്ളിയാഴ്ച 25 കിലോമീറ്റര്‍ ഇപ്പുറം കഴക്കൂട്ടത്ത് പ്രതി മോഷണത്തിനെത്തിയത്. ടിക്കറ്റ് എടുത്ത് അകത്ത് കടന്ന പ്രതി പതിവ് പോലെ മോഷണം നടത്താന്‍ ശ്രമിക്കവേ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലും സമാന കേസ് ഉള്ളതായാണ് വിവരം.

ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളില്‍ കടക്കുന്ന യുവാവ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കുകയും സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ ഊരിമാറ്റി അര്‍ധനഗ്‌നനായി സീറ്റുകള്‍ക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി സിനിമ കാണാനെത്തിയവരുടെ പഴ്സ് മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു രീതി. സിനിമയില്‍ മുഴുകിയിരിക്കുന്നവര്‍ മോഷണവിവരം അറിയില്ല.

മോഷണം നടത്തിയ ശേഷം യുവാവ് തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ രക്ഷപ്പെടുകയും ചെയ്യും.

ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയ യുവതികളുടെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. തിയേറ്ററില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ തിയേറ്റര്‍ അധികൃതര്‍ ആറ്റിങ്ങല്‍ പൊലീസിന് കൈമാറുകയായിരുന്നു.

Thiruvananthapuram trivandrum news theatre theatre theft