കൊല്ലം: അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടല്‍ ആ കുഞ്ഞുമുഖത്തുണ്ടായിരുന്നു. എങ്കിലും പതറാതെ അവന്‍ സംഭവിച്ചതൊക്കെയും വിവരിച്ചു. ഇടയ്‌ക്കെപ്പൊഴോ പറഞ്ഞു, ഞാന്‍ പേടിച്ചില്ല... രക്ഷപ്പെടുത്താന്‍ നോക്കി, പക്ഷേ, പറ്റിയില്ല...
ഓയൂരില്‍ ആറു വയസ്സുകാരി അബഗേലിനൊപ്പം ചേട്ടന്‍ ജൊനാഥനും ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട കുട്ടിയാണ്. മലയാളി സിനിമയില്‍ മാത്രം കണ്ട സംഭവങ്ങള്‍. അതിന്റെ ഞെട്ടലിലായിരുന്നു 20 മണിക്കൂര്‍. പ്രാര്‍ഥനയുടെ നിമിഷങ്ങള്‍.
ചാനലുകളില്‍ ജൊനാഥന്റെ വാക്കുകള്‍ നിറഞ്ഞു. കൈയിലുണ്ടായിരുന്ന കമ്പുകൊണ്ട് പ്രതിരോധിക്കാന്‍ നോക്കി. സംഘം അവനെ റോഡിലൂടെ വലിച്ചിഴച്ചു. എന്നിട്ടും അബിഗേലിന്റെ ചേട്ടന്‍ പൊരുതി... അനിയത്തിയെയും കൊണ്ട് കാര്‍ ഓടിമറയുമ്പോള്‍ അവന്‍ അലറി വിളിച്ച് മറ്റുള്ളവരെ അറിയിച്ചു. ഓടിയെത്തിയവരോട് കാര്യങ്ങള്‍ വിശദീകരിച്ചു, അതും വിശദമായി തന്നെ!
പ്രായത്തെ വെല്ലുന്ന പക്വതയോടെ ജൊനാഥന്‍ നടത്തിയ ഇടപെടലാണ് ആദ്യ മണിക്കൂറില്‍ തന്നെ ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്താനും തട്ടിക്കൊണ്ടുപോയവരെ പ്രതിരോധത്തിലാക്കാനും പൊലീസിനു സാധിച്ചത്.
'ഒരു പേപ്പര്‍ അമ്മച്ചിയുടെ കയ്യില്‍ കൊടുക്ക് എന്നു പറഞ്ഞു തന്നു. ഞാന്‍ വാങ്ങിയില്ല. അവളെ പിടിച്ചു. ആ പേപ്പര്‍ ഞാന്‍ വാങ്ങിയില്ല. അപ്പോഴേക്കും അവളെ വലിച്ചു... എന്റെ കയ്യില്‍ ഒരു കമ്പ് ഉണ്ടായിരുന്നു, അത് വച്ച് അടിച്ചിട്ടും എന്നെ വിട്ടില്ല. റോഡിലൂടെ എന്നെ വലിച്ചിഴച്ചു. കാറില്‍ 4 പേര്‍ ഉണ്ടായിരുന്നു. ഒരു പെണ്ണും 3 ആണുങ്ങളും. ഡ്രൈവ് ചെയ്തത് ഒരു ആണാണ്. ഫ്രണ്ടില്‍ 2 പേരും പിറകില്‍ ഒരാളും ഒരു പെണ്ണും. അവര്‍ കാറിന്റെ പുറത്തിറങ്ങിയില്ല. കാറില്‍ ഇരുന്നു തന്നെ അവളെ വലിച്ചു കയറ്റി.' മലയാളികള്‍ക്ക് ഹൃദിസ്ഥമാണ് ഈ വാക്കുകള്‍!
സംഭവത്തില്‍ ആകെയുണ്ടായിരുന്ന സാക്ഷി ജൊനാഥനാണ്. പ്രതികളെ കൃത്യമായ വിവരണമാണ് പത്തു വയസ്സുകാരന്‍ പൊലീസിന് നല്‍കിയത്. പ്രതികള്‍ മാസ്‌ക് ധരിച്ചിരുന്നുവെന്നതുള്‍പ്പെടെ എല്ലാം കൃത്യമായി ഓര്‍ത്തെടുത്ത്, വ്യക്തമായി വിവരിച്ചു.
മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ അബിഗേലിനെ കണ്ടെത്തുമ്പോള്‍, ജൊനാഥനോട് ചോദിച്ചു, അനിയത്തി വീട്ടിലെത്തുമ്പോള്‍ എന്തുചെയ്യും: ആദ്യം കഴിക്കാന്‍ എന്തെങ്കിലും നല്‍കും. പിന്നെ ഉമ്മ കൊടുക്കും. കുഞ്ഞു ജൊനാഥനാണ് ഹീറോ!
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">