കൊല്ലം: ഓയൂരിൽ നിന്ന് 6 വയസ്സുകാരി അബിഗേയലിനെ തട്ടിക്കൊണ്ടു പോയ അജ്ഞാത സംഘത്തിൽ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.ഈ ചിത്രം പൊലീസ് അബിഗേൽ സാറയെ കാണിക്കും. ഇവർക്കായി വ്യാപക തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.സംഘത്തിൽ ഒന്നിലധികം സ്ത്രീകളുണ്ടെന്ന് സംശയമുണ്ട്. കുട്ടിയെ തട്ടികൊണ്ട് ആദ്യം പോയത് വർക്കല ഭാഗത്തേയ്ക്കാണെന്ന് സൂചന ലഭിച്ചതായും വിവരമുണ്ട്..
അബിഗേയലിനെ തിരികെ ലഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും അജ്ഞാത സംഘത്തെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. അതെസമയം വീടുമായി അടുത്ത ബന്ധമുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് നൽകുന്ന സൂചന. യുവതി ഉൾപ്പെടെ 2 പേർ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. ക്വട്ടേഷൻ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് പറയുന്നു.
പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. നേരത്തെ ചില കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
രാത്രിയിൽ ഉടനീളം പൊലീസും നാട്ടുകാരും കൊല്ലം വ്യാപക പരിശോധന നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രവും കാറിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.