ന്യൂഡൽഹി: സഞ്ജയ് സിംഗിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്താനാണ് തീരുമാനം. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷമാണ് സഞ്ജയ് സിങ്ങിനെ കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തുവന്നു.തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയാണെന്നും കെജ്രിവാൾ വിമർശിച്ചു.ബുധനാഴ്ച വൈകിട്ട് സഞ്ജയ് സിംഗിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ അഴിമതിക്കെതിരെ ശക്തമായി ശബ്ദമുയർത്തുന്ന സഞ്ജയ് സിംഗിനെയാണ് അവർ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തല മുതൽ കാൽ വരെ അഴിമതിക്കാരനാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് താൻ കരുതുന്നതായും കെജ്രിവാൾ പറഞ്ഞു.അതെസമയം 'ഭ്രഷ്ടാചാര് മുക്ത് ഭാരത്' (അഴിമതി രഹിത ഇന്ത്യ) കെട്ടിപ്പടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് അറസ്റ്റെന്ന് ബിജെപി പറഞ്ഞു.