തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര ജല കമ്മിഷൻ ചെയർമാൻ കുശ്വിന്ദർ വോറയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.നിലവിലെ കരാർ പ്രകാരം തമിഴ്‌നാടിന് ജലം നൽകാൻ കേരളം പ്രതിജ്ഞാബദ്ധമാണ്.അതിനാൽ പുതിയ അണക്കെട്ട് നിർമ്മിച്ചാലും കരാർ പ്രകാരം ജലം നൽകാൻ കേരളം തയാറാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ ജല കമ്മിഷനെ അറിയിച്ചു.
കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീക്കമ്മിഷൻ ചെയ്തു പുതിയ ഡാം നിർമ്മിക്കണം. അതുവഴി ജനങ്ങളുടെ ആശങ്ക മാറ്റണം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ആവശ്യമായ ടേംസ് ഓഫ് റഫറൻസ് നിശ്ചിയിക്കാൻ തമിഴ്‌നാടിനോട് കേന്ദ്ര ജല കമ്മിഷൻ നിർദേശിച്ചത് സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണെന്നും മന്ത്രി പറഞ്ഞു. ഈ രംഗത്തെ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പഠനം എത്രയും വേഗം പൂർത്തിയാക്കി പുതിയ ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.