നിയമസഭാ പുസ്തകോത്സവം;സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. വൈക്കം ക്ഷേത്രകലാപീഠം അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു സ്റ്റാളുകളുടെ ഉദ്ഘാടനം.

author-image
Web Desk
New Update
നിയമസഭാ പുസ്തകോത്സവം;സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. വൈക്കം ക്ഷേത്രകലാപീഠം അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു സ്റ്റാളുകളുടെ ഉദ്ഘാടനം. കെ.എല്‍.ഐ.ബി.എഫിന്റെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു, അതുപോലെതന്നെ രണ്ടാം പതിപ്പും വന്‍ വിജയമാകട്ടെയെന്ന് സ്പീക്കര്‍ ആശംസിച്ചു.

ഉദ്ഘാടന ശേഷം സ്പീക്കര്‍ പുസ്തകോത്സവത്തിലെ സ്റ്റാളുകളെല്ലാം സന്ദര്‍ശിച്ചു. തുടര്‍ന്ന് നിയമസഭാ ലൈബ്രറിയുടെ പുസ്തക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.പി. മോഹനന്‍ എം.എല്‍.എ, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണ് പുസ്തകോത്സവത്തിനായി ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന് ശേഷം പുസ്തകോത്സവവും നിയമസഭാ മന്ദിരവും സന്ദര്‍ശിക്കാനായി വിദ്യാര്‍ത്ഥികളും എത്തിത്തുടങ്ങി. നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയാണ് നിയമസഭാ സമുച്ചയത്തില്‍ പുസ്തകോത്സവം നടക്കുക.

പൊതുജനങ്ങള്‍ക്ക് മലയാളം പുസ്തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 20 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങള്‍ക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. ലൈബ്രറികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നിയമസഭാ ജീവനക്കാര്‍ക്കും മലയാളം പുസ്തങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 35 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങള്‍ക്ക് 20 ശതമാനവും കിഴിവ് ലഭിക്കും. കൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്ക് നിയമസഭാ മ്യൂസിയം, അസംബ്ലി ഹാള്‍, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയര്‍ മ്യൂസിയം, മൃഗശാല, താളിയോല മ്യൂസിയം എന്നിവിടങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കുന്നതിന് പാക്കേജും ഒരുക്കിയിട്ടുണ്ട്.

 

Latest News kerala news book festival