മമത ബാനർജിയുടെ വീഴ്ച 'പിന്നിൽനിന്നുള്ള തള്ളൽ' കാരണമാകാമെന്ന് ഡോക്ടർ; ഡിസ്ചാർജ് ആയി

author-image
Greeshma Rakesh
New Update
മമത ബാനർജിയുടെ വീഴ്ച 'പിന്നിൽനിന്നുള്ള തള്ളൽ' കാരണമാകാമെന്ന് ഡോക്ടർ; ഡിസ്ചാർജ് ആയി

കൊൽക്കത്ത: നെറ്റിയിലും മൂക്കിനും പരിക്കേറ്റ് ചികിത്സ തേടിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു.വ്യാഴാഴ്ച രാത്രി ഏഴരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മമതയെ 9:45 ഓടെയാണ് ഡിസ്ചാർജ് ചെയ്തത്.അതിനിടെ, നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവേൽക്കാനിടയായ വീഴ്ചക്ക് പിന്നിൽ "പിറകിൽ നിന്നുള്ള തള്ളൽ" ആകാമെന്ന് മമതയെ പരിശോധിച്ച ഗവ. എസ്.എസ്.കെ.എം ആശുപത്രി ഡയറക്ടർ മണിമോയ് ബന്ദ്യോപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രിയിൽ എത്തുമ്പോഴും രക്തസ്രാവം ഉണ്ടായിരുന്നു. നെറ്റിയിലെ മുറിവിന് മൂന്ന് തുന്നലിട്ടു. മൂക്കിലെ മുറിവിന് ഒരു തുന്നലും വേണ്ടിവന്നു. സിടി സ്കാൻ, എം.ആർ.ഐ സ്കാൻ ഉൾപ്പെടെ നടത്തിയ ശേഷം അഡ്മിറ്റാവാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും മമതയുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്യുകയായിരുന്നു.അതെസമയം അബദ്ധത്തിലാണോ അതോ രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിൽ മൂലമമാണോ വീഴ്ചയെന്ന് മനസ്സിലായിട്ടില്ലെന്ന് മറ്റൊരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, എസ്.എസ്.കെ.എം ആശുപത്രി ഡയറക്ടർ മണിമോയ് ബന്ദ്യോപാധ്യായയുടെ ‘തള്ളൽ’ പരാമർശം വീഴ്ചയെകുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കാൻ കാരണമായി.മമതയുടെ സഹോദര ഭാര്യയും തൃണമൂൽ കൗൺസിലറുമായ കജാരി ബാനർജി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. എന്തോ കൂട്ടിയിടി ശബ്ദം കേട്ട് നോക്കിയപ്പോൾ ദീദി വീണുകിടക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. നേരത്തെ 2021 മാർച്ചിൽ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നന്ദിഗ്രാമിൽവെച്ച് മമത ബാനർജിക്ക് ലിഗ്മെൻറിന് പരിക്കേറ്റിരുന്നു.

 

പ്ലാസ്റ്ററിട്ട കാലുമായി വീൽചെയറിൽ ഇരുന്നാണ് അവർ പ്രചാരണത്തിനിറങ്ങിയത്. കഴിഞ്ഞ ജൂണിൽ, വടക്കൻ ബംഗാളിലെ സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനിടെ മമതക്ക് ഇടതു കാൽമുട്ടിനും ഇടുപ്പിനും പരിക്കേറ്റിരുന്നു.അതേസമയം, വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും മമത ദീദിയുടെ മികച്ച ആരോഗ്യത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. സുഖംപ്രാപിക്കാൻ പ്രർഥിക്കുന്നതായി രാഹുൽ ഗാന്ധിയും കുറിച്ചു.

Mamata Banerjee SSKM Hospital thrinamool congress