വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയുടെ ആക്രമണം; ഒരാൾക്ക് ദാരുണാന്ത്യം, നിരോധനാജ്ഞ

കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച മോഴയാനയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. മാനന്തവാടി റേഞ്ച് ഓഫീസർ അടക്കമുള്ളവർ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്.

author-image
Greeshma Rakesh
New Update
വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയുടെ ആക്രമണം; ഒരാൾക്ക് ദാരുണാന്ത്യം, നിരോധനാജ്ഞ

വയനാട്: മാനന്തവാടിയുടെ പരിസര പ്രദേശത്ത് ഇറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പടമല സ്വദേശി അജീഷ് കുമാർ (46) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കൻമൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മാനന്തവാടിയിൽ മെഡിക്കൽ കോളേജ് റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. കൊയ്‌ലേരി താന്നിക്കൽ മേഖലയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് കാട്ടാനയെ കണ്ടത്. തുടർന്ന് പരിസര പ്രദേശത്തുള്ള ഒരു വീടിന്റെ മതിൽ പൊളിച്ച് എത്തിയ കാട്ടാന അജിയെ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച മോഴയാനയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. മാനന്തവാടി റേഞ്ച് ഓഫീസർ അടക്കമുള്ളവർ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. ആനയെ കാട് കയറ്റാനുള്ള നടപടികൾ സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

wayanad death Wild Elephant Wild Life wild elephant attack injunction