തൃശൂര്‍: തൃശൂരില്‍ പ്രധാനമന്ത്രി പ്രസംഗിച്ച വേദിക്കരികില്‍ നിന്ന ആല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ബിജെപി തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രധാനമന്ത്രി സന്ദര്‍ശിച്ച സ്ഥലത്ത് ചാണക വെള്ളം തളിക്കാനാണ് കെ എസ് യു പ്രവര്‍ത്തകര്‍ എത്തിയതെന്നും ഇത് അനുവദിക്കാനാവില്ലെന്നും ബി ജെ പി നിലപാടെടുത്തു. ഒരു മണിക്കൂറിലേറെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.
പ്രധാനമന്ത്രി എത്തിയ തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്തിലെ നായ്ക്കനാലില്‍ രാവിലെ പത്ത് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരത്തിന്റെ കൊമ്പുകള്‍ സുരക്ഷയുടെ പേരിലാണ് രണ്ട് ദിവസം മുമ്പ് വെട്ടിമാറ്റിയത്. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മാനിഷാദ എന്ന പേരില്‍ സമരം പ്രഖ്യാപിച്ചത്.
മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കുമെന്ന് കെ എസ് യുവും പ്രഖ്യാപിച്ചിരുന്നു. കെ എസ് യുവിനെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കളും എത്തിയതോടെ ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമായി. ഒരു മണിക്കൂറെടുത്താണ് പൊലീസ് ഇരു കൂട്ടരേയും സ്ഥലത്തു നിന്നും മാറ്റിയത്.