തൃശ്ശൂര്‍: തൃശ്ശൂര്‍ മലക്കപ്പാറയില്‍ റോഡിലിറങ്ങിയ കാട്ടാനയെ പ്രകോപിപ്പിച്ചതിന് പിന്നാലെ ആനയുടെ ആക്രമണത്തില്‍നിന്ന് വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഞായറാഴ്ച രാത്രിയാണ് സംഭവം. കബാലി എന്നറിയപ്പെടുന്ന കാട്ടാന റോഡില്‍ തടസ്സമായി നില്‍ക്കുന്നത് കണ്ട് യുവാവ് അടുത്തുചെന്ന് ബഹളംവെക്കുകയായിരുന്നു.
വിനോദസഞ്ചാരികള്‍ അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ ഭാഗത്തേക്ക് പോകുന്ന സമയത്താണ് കബാലി റോഡിലേക്ക് ഇറങ്ങിയത്.ആന റോഡിന് ഒരു വശത്തായി നിന്നതോടെ വാഹനങ്ങള്‍ക്ക് മിന്നോട്ടു പോകാനായില്ല.
ഇതിനിടെ നിര്‍ത്തിയിട്ട വാഹനങ്ങളിലൊന്നില്‍നിന്ന് ഒരു യുവാവ് പുറത്തിറങ്ങി. ഇയാള്‍ ആനയുടെ അടുത്തെത്തി മാറിനില്‍ക്കാന്‍ ആക്രോശിക്കുകയും ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ ആന മറ്റൊരു വിനോദസഞ്ചാരിയുടെ കാര്‍ കുത്തി ഉയര്‍ത്താന്‍ ശ്രമിച്ചു.
അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ബഹളം വെച്ചതിനെ തുടര്‍ന്നാണ് കാര്‍ ആക്രമിക്കുന്നതില്‍ നിന്ന് ആന പിന്മാറിയത്. അതിനു ശേഷവും ആന സ്ഥലത്ത് തന്നെ തുടര്‍ന്നു.
അപ്പോഴും യുവാവ് പ്രകോപനം തുടര്‍ന്നു. യുവാവ് ആരെന്ന് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.