നിസാമബാദ്: വിരുന്നില്‍ വിളമ്പിയ ആട്ടിറച്ചിയില്‍ മജ്ജ ഇല്ലാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. വധുവിന്റെ വീട്ടില്‍ നടന്ന വിവാഹ നിശ്ചയത്തിലാണ് മട്ടണ്‍ കറിയിലെ മജ്ജയെ ചൊല്ലി വഴക്കുണ്ടായത്.
ജഗ്തിയാല്‍ ജില്ലയില്‍ നിന്നാണ് വരനും ബന്ധുക്കളും നിസാമബാദിലെ വധൂഗ്രഹത്തിലെത്തിയത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു വിരുന്നിന് ഒരുക്കിയിത്. എന്നാല്‍ ചടങ്ങുകള്‍ ഭംഗിയായി കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിരുന്നുകാരിലൊരാള്‍ ആട്ടിറച്ചിയില്‍ മജ്ജയില്ലെന്ന് പരാതി പറഞ്ഞത്.
കറിയില്‍ മജ്ജ ഉപയോഗിച്ചിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ വരന്റെ ബന്ധുക്കള്‍ തയ്യാറായില്ല.തുടര്‍ന്ന് വാക്ക് തര്‍ക്കമായി. രംഗം തണുപ്പിക്കാന്‍ അടുത്ത ബന്ധുക്കള്‍ നടത്തിയ ശ്രമവും വിഫലമായതോടെ വാക്കേറ്റം കയ്യാങ്കളിയായി.
പിന്നാലെയാണ് ആട്ടിറച്ചിയില്‍ മജ്ജ നല്‍കാതെ പെണ്‍വീട്ടുകാര്‍ അപമാനിച്ചെന്ന് പറഞ്ഞ് വരനും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. സംഭവത്തില്‍ പ്രാദേശിക പൊലീസ്, സ്റ്റേഷനില്‍ നടത്തിയ
സമവായ ശ്രമങ്ങളും പരാജയപ്പെട്ടു.
ആട്ടിറച്ചി കൊണ്ടുള്ള കറിയില്‍ മജ്ജ ഇല്ലെന്ന് വധുവിന്റെ വീട്ടുകാര്‍ നേരത്തെ അറിയിച്ചില്ലെന്നും ഇത് അപമാനിക്കുന്നതിനാണെന്നുമാണ് വരന്റെ വീട്ടുകാര്‍ പറയുന്നത്. സമാവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വരന്റെ വീട്ടുകാര്‍ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.