ഗാസയില്‍ ശസ്ത്രക്രിയകളടക്കം ചെയ്യുന്നത് ശരീരം മരവിപ്പിക്കാതെ; ഭീകരമെന്ന് ലോകാരോഗ്യ സംഘടന

ഗാസയില്‍ അവയവങ്ങള്‍ മുറിച്ചുമാറ്റുന്നതടക്കമുള്ള ശസ്ത്രക്രിയകള്‍ ചെയ്യുന്നത് അനസ്‌തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഗാസയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഭീകരത ന്യായീകരിക്കാനാകുന്നതല്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു.

author-image
Web Desk
New Update
ഗാസയില്‍ ശസ്ത്രക്രിയകളടക്കം ചെയ്യുന്നത് ശരീരം മരവിപ്പിക്കാതെ; ഭീകരമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഗാസയില്‍ അവയവങ്ങള്‍ മുറിച്ചുമാറ്റുന്നതടക്കമുള്ള ശസ്ത്രക്രിയകള്‍ ചെയ്യുന്നത് അനസ്‌തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഗാസയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഭീകരത ന്യായീകരിക്കാനാകുന്നതല്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു.

500 ട്രക്ക് ഭക്ഷ്യവസ്തുക്കളെങ്കിലും ഗാസയില്‍ വിതരണം ചെയ്യാന്‍ സാധിക്കണം. വെള്ളം, ഇന്ധനം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയുണ്ടെങ്കില്‍ മാത്രമേ അതിജീവിനം സാധ്യമാകൂ. ഭക്ഷണവും മറ്റും എത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. അതിര്‍ത്തിയില്‍ മാത്രമല്ല, പലസ്തീനിലെ ആശുപത്രികളിലും സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. 16 ആരോഗ്യപ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്.ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു.

അല്‍ ഷതി അഭയാര്‍ഥി ക്യാംപിലുണ്ടായ ആക്രമണത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ മുഹമ്മദ് അല്‍ അഹെലിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഗാസയിലുടനീളം ആശുപത്രികളില്‍ അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും ആഴമളക്കുക പ്രയാസകരമാണെന്നും ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു.

ഗാസയിലേക്ക് സഹായവുമായി പോയ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായെന്ന് റെഡ് ക്രോസ് അധികൃതര്‍ അറിയിച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് ട്രക്കുകള്‍ തകര്‍ന്നു.
ഗാസ കുഞ്ഞുങ്ങളുടെ ശ്മശാനമായി എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

Latest News who gaza newsupdate israel gaza