തമിഴ്‌നാട് സ്വദേശിയായ മുന്‍ ഐ.എ.എസുകാരന്‍ ഒഡിഷയുടെ ഭരണ നേതൃത്വത്തിലേക്ക്?

സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ കാബിനറ്റ് റാങ്കില്‍ നിയമിച്ച ഒഡിഷ സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. തമിഴ്‌നാട് സ്വദേശിയായ ഈ മുന്‍ ഐ.എ.എസുകാരന്‍ ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയ പിന്‍ഗാമിയാകുമോയെന്ന ചോദ്യമുയര്‍ത്തുകയാണ് പ്രതിപക്ഷം.

author-image
Web Desk
New Update
തമിഴ്‌നാട് സ്വദേശിയായ മുന്‍ ഐ.എ.എസുകാരന്‍ ഒഡിഷയുടെ ഭരണ നേതൃത്വത്തിലേക്ക്?

ന്യൂഡല്‍ഹി: സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ കാബിനറ്റ് റാങ്കില്‍ നിയമിച്ച ഒഡിഷ സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. തമിഴ്‌നാട് സ്വദേശിയായ ഈ മുന്‍ ഐ.എ.എസുകാരന്‍ ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയ പിന്‍ഗാമിയാകുമോയെന്ന ചോദ്യമുയര്‍ത്തുകയാണ് പ്രതിപക്ഷം.

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ പാണ്ഡ്യനാണ് സ്വയം വിരമിക്കല്‍ നടത്തിയതിന്റെ തൊട്ട് പിന്നാലെയാണ് കാബിനറ്റ് മന്ത്രിയുടെ പദവിയോടെ 5 ടി യെന്ന നവീന്‍ ഒഡിഷ പദ്ധതിയുടെ ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ പാണ്ഡ്യന്‍ മുഖ്യമന്ത്രിയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുമെന്ന് പൊതുഭരണ - പബ്ലിക് ഗ്രീവന്‍സ് വകുപ്പ് വ്യക്തമാക്കി.

ഒഡിഷ കാഡറിലെ 2000 ബാച്ച് ഐ.എ.എസുകാരനായ പാണ്ഡ്യന്‍ 2011 മുതലാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങിയത്. 2002 ല്‍ ഒഡിഷയിലെ കലഹണ്ടി ജില്ലയില്‍ ധര്‍മഗഡ് സബ് കലക്ടറായാണ് സേവനം തുടങ്ങിയത്. 2006 മയൂര്‍ഭഞ്ച് കലക്ടറായി. 2007 ല്‍ ഗഞ്ചം കളക്ടറായി സ്ഥാനമേറ്റു.

2019 ല്‍ പട്‌നായിക് അഞ്ചാം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ സംസ്ഥാനത്ത് നവീന വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ രൂപം കൊടുത്ത അഞ്ചിന കര്‍മ്മ പദ്ധതിയായ 5 ടി യുടെ അധിക ചുമതല കൂടി നല്‍കിയിരുന്നു. മുഖ്യമന്ത്രിയിലുള്ള പാണ്ഡ്യന്റെ സ്വാധീനത്തിന്റെയും അദ്ദേഹത്തിന്റെ ഉയര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ പ്രതിപക്ഷം പാണ്ഡ്യനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പദവി ദുരുപയോഗിക്കുന്നുവെന്നതായിരുന്നു ആരോപണം. അദ്ദേഹത്തോട് രാജിവെച്ച് ബി.ജെ.ഡിയില്‍ ചേരാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡ്യന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ചത്.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പാണ്ഡ്യന്‍ ഒഡിഷ മുഖ്യമന്ത്രിയായി അധികാരമേറ്റാലും അത്ഭുതമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സപ്തഗിരി ഉലക എം.പി വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ സ്വയം വിരമിക്കല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അംഗീകരിച്ച് ഉടനെ കാബിനറ്റ് പദവി നല്‍കിയിരിക്കുന്നു. ഒഡിഷയിലെ അധികാരഘടനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. എന്നാല്‍ ഇതൊക്കെ ആരാണ് നിയന്ത്രിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹം പറഞ്ഞു.

ബി.ജെ.ഡിയില്‍ ചേരുമെന്ന് സൂചന

അടുത്ത വര്‍ഷം നടക്കുന്ന ഒഡിഷ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാണ്ഡ്യന്‍ ബി.ജെ.ഡിയില്‍ ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പാണ്ഡ്യന് വലിയ റോളുണ്ടാകും. നിലവില്‍ തന്നെ ഭരണത്തിന്റെ കടിഞ്ഞാണ്‍ പാണ്ഡ്യന്റെ കയ്യിലാണെന്ന് ആരോപണമുണ്ട്.

naveen patnaik odisha v k pandian