മൗറീഷ്യസ് പ്രസിഡന്റ് പ്രിഥിരാജ് സിംഗ് രൂപനുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കൂടിക്കാഴ്ച്ച നടത്തുന്നു
ന്യൂഡല്‍ഹി: മൗറിഷ്യസിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന്റെ 189-ാം വാര്‍ഷികാഘോഷത്തില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയായി. ഇന്ത്യ മൗറീഷ്യസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിലവിലെ പ്രവാസികളും അവരുടെ പൂര്‍വികരും വഹിച്ച പങ്ക് നിര്‍ണായകമെന്ന് വിദേശകാര്യസഹമന്ത്രി ചൂണ്ടിക്കാട്ടി.
മൗറീഷ്യസ് പ്രസിഡന്റ് പ്രിഥ്വിരാജ് സിംഗ് രൂപനുമായും പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥുമായും മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിയിലെ മൗറീഷ്യസിന്റെ സജീവസാന്നിധ്യത്തിന് കേന്ദ്രമന്ത്രി നന്ദി അറിയിച്ചു.
ബഹിരാകാശഗവേഷണ രംഗത്ത് മൗറീഷ്യസ് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ കൗണ്‍സിലും ഐഎസ്ആര്‍ഒയും തമ്മില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടു. ഇന്ത്യമൗറീഷ്യസ് നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പോര്‍ട്ട് ലൂയിസില്‍ സംഘടിപ്പിച്ച കാര്‍ണിവല്‍ വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും മന്ത്രി പ്രകാശനം ചെയ്തു. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനവും വിദേശകാര്യ സഹമന്ത്രി സന്ദര്‍ശിച്ചു. മൗറീഷ്യസിലെ മലയാളി സമൂഹത്തിന്റെ കേരളപ്പിറവി ആഘോഷങ്ങളിലും വി. മുരളീധരന്‍ പങ്കെടുത്തു.