ഉത്തരകാശി: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ പുറത്തെത്താന്‍ ഇനിയും വൈകും. തുരങ്കം തുരക്കാന്‍ ഉപയോഗിക്കുന്ന ഓഗര്‍ മെഷീന്‍ തുടര്‍ച്ചയായി സാങ്കേതിക പ്രശ്നം നേരിടുന്നതാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുപോകാന്‍ കാരണം. അതേസമയം, യന്ത്രസഹായമില്ലാതെ തുരക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തന്നെ മാറ്റി ഓഗര്‍ യന്ത്രത്തിന് വഴിയൊരുക്കാനുള്ള സാധ്യതയാണ് നിലവില്‍ പരിശോധിക്കുന്നത്. ട്രഞ്ച്ലസ് എന്ന സ്വകാര്യ കമ്പനിയുടെ തൊഴിലാളികള്‍ ചേര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കി ട്രോളികള്‍ വഴി പുറത്തെത്തിക്കാനാണ് പദ്ധതി. ഓഗര്‍ യന്ത്രം മാറ്റുന്നതോടെ ഈ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മൂന്ന് അടിമാത്രം വ്യാസമുള്ള പ്രവേശനദ്വാരം വഴി ഉള്ളില്‍ കടക്കുന്ന ഒരു തൊഴിലാളി രണ്ടുമണിക്കൂര്‍ അവശിഷ്ടങ്ങള്‍ മാറ്റുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടും. തുടര്‍ന്ന് അടുത്ത ആളെ അയയ്ക്കും. തുരക്കുന്നതിന് പകരം പൈപ്പ് സ്ഥാപിക്കാനായിട്ടാവും ഓഗര്‍ യന്ത്രം ഉപയോഗിക്കുക. മാനുവല്‍ രീതിയിലുള്ള തുരക്കല്‍ രക്ഷാപ്രവര്‍ത്തനം 18 മണിക്കൂര്‍ വരെ വൈകാന്‍ സാധ്യതയുണ്ട്.
ഇപ്പോള്‍ ഓഗര്‍ യന്ത്രം 46 മീറ്ററില്‍ അധികം തുരന്നെത്തിയിട്ടുണ്ട്. ഇനി 10 മുതല്‍ 13 മീറ്റര്‍ മാത്രമാണ് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അടുത്തെത്താനുള്ള ദൂരം. അവശിഷ്ടങ്ങളിലെ ഇരുമ്പുപാളികളായിരുന്നു നേരത്തെ ഓഗര്‍ യന്ത്രത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്.
അതേസമയം, അടുത്ത 5.4 മീറ്ററില്‍ ഇരുമ്പു തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് ഗ്രൗണ്ട് പെനട്രേഷന്‍ റഡാര്‍ ടെസ്റ്റ് വ്യക്തമാക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍ നീരജ് കൈര്‍വാള്‍ പറഞ്ഞു.