കൊച്ചി: കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഉപസമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഗവര്‍ണറെ സമീപിക്കുമെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍. സംഘാടകരുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി എന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വിചിത്രമാണെന്നും പല മുഖങ്ങളെയും സംരക്ഷിക്കുന്നതാണ് റിപ്പോര്‍ട്ടെന്നുമാണ് എംപ്ലോയീസ് യൂണിയന്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഉപസമിതിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല. യൂത്ത് ഫെല്‍ഫെയര്‍ ഡയറക്ടറെ കേന്ദ്രീകരിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല. തള്ളിക്കളയേണ്ട റിപ്പോര്‍ട്ടാണത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം- എംപ്ലോയീസ് യൂണിയന്‍ പറഞ്ഞു.
സിന്‍ഡിക്കേറ്റ് നിയോഗിച്ച ഉപസമിതിയുടെ അന്വേഷണം, വിദ്യാഭ്യാസ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണങ്ങള്‍ എന്നിങ്ങനെ കുസാറ്റ് ദുരന്തത്തില്‍ മൂന്ന് തരത്തിലുള്ള അന്വേഷണങ്ങളാണ് നടക്കുന്നത്. ഇതില്‍ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയായ റിപ്പോര്‍ട്ടിനെതിരെയാണ് എംപ്ലോയീസ് യൂണിയന്‍ ഇപ്പോള്‍ രംഗത്തെത്തിയത്.