വാഷിങ്ടണ്‍: യെമനിലെ ഹൂതിവിമതരുടെ മൂന്ന് ബോട്ടുകള്‍ യു.എസ്. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. കപ്പലിലുണ്ടായിരുന്ന പത്തുപേര്‍ കൊല്ലപ്പെട്ടെന്നും രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും യെമന്‍ അധികൃതര്‍ അറിയിച്ചു. ചെങ്കടലിലൂടെ പോയ ചരക്കുകപ്പലുകള്‍ ഹൂതി വിമതര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഹൂതികളുടെ കപ്പലുകളെ ലക്ഷ്യമിട്ടതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) പ്രസ്താവനയില്‍ അറിയിച്ചു.
ഡെന്മാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള സിങ്കപ്പൂര്‍ പതാകയേന്തിയ 'മാര്‍സ്‌ക് ഹാങ്ഷു' എന്ന ചരക്കുകപ്പലില്‍നിന്ന് സഹായാഭ്യര്‍ഥന എത്തിയതിനെ തുടര്‍ന്നാണ് യു.എസ്. നാവികസേന ഇടപെട്ടത്. യു.എസ് ഹെലികോപ്റ്ററുകള്‍ക്ക് നേരേയും ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടു.
തുടര്‍ന്നുള്ള പ്രത്യാക്രമണത്തിലാണ് ഹൂതികളുടെ മൂന്ന് കപ്പലുകള്‍ മുക്കിയതെന്ന് സെന്റ്‌കോം പറഞ്ഞു. കപ്പലിന്റെ 20 മീറ്റര്‍ പരിധിയില്‍വന്ന നാല് ബോട്ടുകളെയാണ് ആക്രമിച്ചതെങ്കിലും അവയിലൊരെണ്ണം രക്ഷപെട്ടു.
മാര്‍സ്‌ക് ഹാങ്ഷൂ കപ്പലിനുനേരേ 24 മണിക്കൂറിനിടെ രണ്ടുതവണ ഹൂതി ആക്രമണമുണ്ടായെന്ന് സെന്റ്‌കോം പറഞ്ഞു. ഹൂതികള്‍ മുമ്പും ഈ കപ്പലിനെ ലക്ഷ്യംവെച്ചിരുന്നു. അന്നയച്ച രണ്ടു കപ്പല്‍വേധ മിസൈലുകള്‍ യു.എസ്. നാവികസേന വെടിവെച്ചിട്ടിരുന്നു. രണ്ടുമിസൈലുകളും യെമെനിലെ ഹൂതി നിയന്ത്രണമേഖലയില്‍ നിന്നാണ വന്നതെന്ന് യു.എസ്. പറഞ്ഞു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ലോകത്തെ പ്രധാന വാണിജ്യപാതകളിലൊന്നായ ചെങ്കടലിലൂടെ യാത്രചെയ്യുന്ന കപ്പലുകള്‍ ഹൂതികള്‍ ആക്രമിക്കുന്നത്. ആക്രമണം നേരിടാന്‍ 'ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍' എന്നപേരില്‍ നാവികസഖ്യവും അമേരിക്കയുടെ നേതൃത്വത്തില്‍ ചെങ്കടലില്‍ വിന്യസിച്ചിട്ടുണ്ട്.