ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനായി അഞ്ച് സോണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി യു.ജി.സി. പദ്ധതിയുടെ റോഡ് മാപ്പ് വികസിപ്പിക്കാന്‍ സര്‍വ്വകലാശാലകളെ സഹായിക്കുകയാണ് സോണല്‍ കമ്മിറ്റികളുടെ ലക്ഷ്യം. വടക്ക്, വടക്ക് കിഴക്കന്‍, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, മദ്ധ്യ മേഖകളായാണ് കമ്മിറ്റി രൂപീകരണം. കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഈ കമ്മിറ്റികളില്‍ അംഗങ്ങളാണ്.
ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ലക്ഷ്യം നിറവേറ്റുന്നതിനും ആനുകൂല്യങ്ങള്‍ എത്തേണ്ടിടത്ത് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് സോണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതെന്ന് യു.ജി.സി വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി പടിഞ്ഞാറന്‍ സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ആദ്യ സമ്മേളനം ഗുജറാത്തിലെ ബറോഡ മഹാരാജ് സയാജി റാവു സര്‍വ്വകലാശാലയില്‍ ഒക്ടോബര്‍ 26 ന് നടക്കും.
സര്‍വ്വകലാശാലകളും കോളേജുകളും സമ്മേളനത്തിന്റെ തത്സമയ സ്ട്രീമിംഗില്‍ ചേരണമെന്ന് യു.ജി.സി അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കാന്‍ സമ്മേളനം ഉപകരിക്കുമെന്നും യു.ജി.സി വ്യക്തമാക്കി.