ചെന്നൈ: ചെന്നൈയില്‍ ടാക്‌സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടില്‍ 9000 കോടി രൂപയെത്തിയ സംഭവമുണ്ടായത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ 2 പേരുടെ അക്കൗണ്ടുകളില്‍ കൂടി കോടിക്കണക്കിനു രൂപയെത്തിയതായി റിപ്പോര്‍ട്ട്.
ചെന്നൈ തേനാംപേട്ടയിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസിന്റെ അക്കൗണ്ടില്‍ 753 കോടി രൂപയാണ് എത്തിയത്.
കഴിഞ്ഞ ദിവസം ഇദ്രിസ് സുഹൃത്തിന്റെ അക്കൗണ്ടിലേക്കു കുറച്ചു പണം അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ടില്‍ 753 കോടി രൂപയുണ്ടെന്ന സന്ദേശമെത്തിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. മുന്നറിയിപ്പില്ലാതെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഇദ്രിസ് പൊലീസില്‍ പരാതി നല്‍കി. ഇതേസമയം തഞ്ചാവൂര്‍ സ്വദേശി ഗണേശന്റെ ബാങ്ക് അക്കൗണ്ടിലും 756 കോടി രൂപ എത്തി.
ഏതാനും ദിവസം മുന്‍പാണ് ചെന്നൈയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്തിയത്. സംഭവത്തിന് പിന്നാലെ ബാങ്ക് സിഇഒ സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.