തിരുവനന്തപുരം: ആനയറ ഒരുവാതില്‍കോട്ടയിലെ മൂന്ന് കുടുംബങ്ങള്‍ കഴിഞ്ഞ ഒരു മാസമായി കഴിയുന്നത ദുര്‍ഗന്ധം വമിക്കുന്ന വെള്ളക്കെട്ടില്‍. ഇവിടം താഴ്ന്ന പ്രദേശമായതിനാല്‍ കഴക്കൂട്ടം ബൈപ്പാസിലെ കടകളിലെ കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുകയാണ്.
ഒരുവാതില്‍കോട്ട കുടുംബി ലെയിനിലെ മൂന്ന് കുടുംബങ്ങളുടെ ദുരിത ജീവിതം തുടങ്ങിയിട്ട് ഒരുമാസമായി. മലിനജലം ഒഴുക്കിക്കളയാന്‍ ഓടയില്ല. കഴക്കൂട്ടം ബൈപ്പാസ് റോഡിന് താഴ്ഭാഗത്തുള്ള ഇവിടേക്ക് ഹോട്ടല്‍ മാലിന്യം കൂടി ഒഴുക്കി വിടുന്നതോടെ ദുരിതം ഇരട്ടിയാകുന്നു. കക്കൂസ് മാലിന്യവും അഴുക്കും നിറഞ്ഞ് കറുത്ത നിറമായ വെള്ളത്തിലൂടെ മാത്രമേ കുടുംബങ്ങള്‍ക്ക് വീട്ടിലേക്ക് കയറാന്‍ കഴിയൂ.
കുടുംബംഗങ്ങള്‍ക്ക് ടോയ്‌ലറ്റില്‍ പോകാനോ കുളിക്കാനോ സാധിക്കുന്നില്ല. സമീപത്തുള്ള വീടുകളില്‍ പോയാണ് ഇവര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. വെള്ളം കയറിയതോടെ പാമ്പ് ശല്യവും രൂക്ഷമാണ്. കൊതുക് പെരുകിയിട്ടും കോര്‍പ്പറേഷനില്‍ നിന്നും ഒരു സഹായവും കിട്ടുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
നിലവില്‍ ലഭിച്ച ഫണ്ട് വെച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും താന്‍ നിസ്സഹായനാണെന്നും കളക്ടര്‍ കനിഞ്ഞാല്‍ മാത്രമേ ഓടയ്ക്ക് ഫണ്ട് കിട്ടുകയുള്ളൂ എന്നുമാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡിജി കുമാരന്‍ പറയുന്നത്.