തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്നു. ഇതില്‍ 8775 പേര്‍ ആഭ്യന്തര യാത്രക്കാരും 5474 പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്.കോവിഡിന് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.
നവംബര്‍ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. കഴിഞ്ഞ മാസം മൊത്തം 3.64 ലക്ഷം പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തിരിക്കുന്നത്.
ഇവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരാണ്. 1.53 ലക്ഷം വിദേശ യാത്രക്കാരുമുണ്ട്. ആദ്യമായാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തില്‍ രണ്ട് ലക്ഷം കടക്കുന്നത്.
യാത്രക്കാര്‍ക്കെല്ലാം മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും എയര്‍പോര്‍ട്ട് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ആധുനിക റബ്ബര്‍ റിമൂവല്‍ മെഷീന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്തിരുന്നു.