ആള്‍ക്കൂട്ട കൊലയ്ക്ക് വധശിക്ഷ; രാജ്യദ്രോഹ നിയമം ഇല്ലാതാകും; രാജ്യത്തിന് ഇനി പുതിയ ക്രിമിനല്‍ നിയമങ്ങള്‍

രാജ്യത്തെ കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള മൂന്ന് സുപ്രധാന ബില്ലുകള്‍ ലോകസഭ പാസ്സാക്കി. പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എം.പിമാരും സസ്‌പെന്‍ഷനെ തുടര്‍ന്ന് സഭയ്ക്ക് പുറത്ത് നില്‍ക്കുമ്പോഴാണ് രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയ സുപ്രധാനമായ മൂന്ന് ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ പാസാക്കിയത്.

author-image
Web Desk
New Update
ആള്‍ക്കൂട്ട കൊലയ്ക്ക് വധശിക്ഷ; രാജ്യദ്രോഹ നിയമം ഇല്ലാതാകും; രാജ്യത്തിന് ഇനി പുതിയ ക്രിമിനല്‍ നിയമങ്ങള്‍

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള മൂന്ന് സുപ്രധാന ബില്ലുകള്‍ ലോകസഭ പാസ്സാക്കി. പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എം.പിമാരും സസ്‌പെന്‍ഷനെ തുടര്‍ന്ന് സഭയ്ക്ക് പുറത്ത് നില്‍ക്കുമ്പോഴാണ് രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയ സുപ്രധാനമായ മൂന്ന് ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ പാസാക്കിയത്.

1860 ല്‍ നിയമമായ ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐപിസി), 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872 ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബി.എസ്) എന്നീ മൂന്ന് നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോകസഭയില്‍ അവതരിപ്പിച്ചത്.

ബുധനാഴ്ച രാവിലെ ബില്ലുകളെ കുറിച്ച് ലോകസഭയില്‍ ചര്‍ച്ച നടന്നു. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് അമിത് ഷാ മറുപടി നല്‍കി.

പുതിയ നിയമങ്ങള്‍ ശിക്ഷിക്കാനുള്ളതല്ല, നീതി നല്‍കാനെന്ന് അമിത് ഷാ

സമഗ്രമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട നിയമങ്ങള്‍ക്ക് രൂപം നല്‍കിയതെന്നും കരട് നിയമത്തിന്റെ ഓരോ കോമയും ഫുള്‍ സ്റ്റോപ്പും പോലും താന്‍ വിലയിരുത്തിയതായും അമിത് ഷാ പറഞ്ഞു. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണ്. അവ ശിക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. നീതി നല്‍കാനുള്ളതല്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പുതിയ നിയമം. കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്നതാണ് പുതിയ നിയമങ്ങള്‍. ഇന്ത്യന്‍ ചിന്താധാര അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. അമിത് ഷാ പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷ

ബുധനാഴ്ച ലോകസഭയില്‍ പാസ്സാക്കിയ പുതിയ ക്രിമിനല്‍ നിയമമനുസരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷ ലഭിക്കും. പുതിയ നിയമത്തില്‍ രാജ്യദ്രോഹ നിയമം ഇല്ലാതാകും. സ്വാതന്ത്ര്യസമരസേനാനികളെ ജയിലിലടയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചതാണ് ഈ നിയമങ്ങളെന്ന് അമിത് ഷാ പറഞ്ഞു.

കേസില്‍പ്പെട്ട് രാജ്യത്തിന് പുറത്ത് കഴിയുന്നവര്‍ 90 ദിവസത്തിനകം കോടതിക്ക് മുമ്പാകെ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിദ്ധ്യത്തിലും വിചാരണ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ട്രയല്‍ ഇന്‍ ആബ്ഷന്‍ സ്യ എന്ന പുതിയ വ്യവസ്ഥ ഈ നിയമങ്ങളിലുണ്ടാകും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് ഏഴ് ദിവസത്തെ സമയം അനുവദിക്കും. അതിനുളളില്‍ കോടതി വാദം കേള്‍ക്കണം. 120 ദിവസത്തിനുള്ളില്‍ കേസ് വിചാരണയ്‌ക്കെത്തും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളില്‍ പ്രതിയായ ആള്‍ കുറ്റം സമ്മതിച്ചാല്‍ ശിക്ഷയില്‍ കുറവുണ്ടാകും.

ഒഴിവ് വന്ന സീറ്റുകള്‍ കഴിച്ച് ലോക്‌സഭയില്‍ 522 അംഗങ്ങളാണ് നിലവിലുള്ളത്. ഇതില്‍ പ്രതിപക്ഷ അംഗങ്ങളായ 95 പേരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. രണ്ട് പേരെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തു.

ഇതിന് പിന്നാലെയാണ് ബില്ലുകള്‍ ലോകസഭ ശബ്ദവോട്ടോടെ പാസ്സാക്കിയത്. സഭയില്‍ ബാക്കിയുള്ള 45 പ്രതിപക്ഷ എം.പിമാരില്‍ 34 പേരും വൈ.എസ്. ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടികളിലുള്ളവരാണ്. സഭയിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പലപ്പോഴും ഈ 34 പേരും സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്തുന്നവരാണ്.

kerala law amendments india lok sabha