തിരുവനന്തപുരം: മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷണമാണ് ദോശയും ഇഡ്ഡലിയും. പ്രഭാത ഭക്ഷണത്തില്‍ പ്രധാനിയായ ഇഡ്ഡലിയും ദോശയും കൂടുതല്‍ എളുപ്പമാക്കാന്‍ മാവുകളും വിപണിയില്‍ സുലഭമാണ്.
എന്നാല്‍, സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടുകയാണ്. ഒരു കിലോ മാവിന് 45 രൂപയാക്കി
വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ
വര്‍ധനയാണ് കാരണം.
35 മുതല്‍ 40 രൂപ വരെയായിരുന്നു ഒരു പാക്കറ്റ് ദോശ മാവിന്റെ വില. അഞ്ചു രൂപയുടെ വര്‍ധനവാണുണ്ടാകുന്നത്. ദോശയും ഇഡ്ഡലിയും കഴിക്കണമെങ്കില്‍ സാധാരണക്കാരന്റെ കീശ കീറുമെന്നുറപ്പ്. മാവുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിക്ക് ആറു മാസത്തിനിടെ പത്തു രൂപയുടെ വര്‍ധനവാണുണ്ടായത്.
കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്റെ വില 150ലും എത്തി. വൈദ്യുതി നിരക്കും വര്‍ധിച്ചതോടെ വില കൂട്ടാതെ മറ്റ് വഴിയില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.