തിരുവനന്തപുരം: മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമുള്ള ബോധവത്കരണത്തിലൂടെ, ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്ന് സൈബർ ഓപ്പറേഷൻസ് എസ്.പി. എസ്. ഹരിശങ്കർ പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും വ്യാപകമായി നടക്കുന്ന തട്ടിപ്പ് എന്തെന്ന് വച്ചാൽ അത് ഓൺലൈൻ തട്ടിപ്പാണ്. ദിവസവും ശരാശരി 40 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പല രൂപത്തിൽ ഭാവത്തിൽ ഇത് പ്രത്യക്ഷപ്പെടുന്നുണ്ട്. പല സൈബർ ഇടങ്ങളിലും നമ്മൾ കാണാത്ത ചതി ഒളിഞ്ഞ് കിടക്കുന്നുണ്ട്, ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്താൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് സൈബർ ഓപ്പറേഷൻസ് വിഭാഗം.
ഇതിനു വേണ്ടി പുതിയ ടൂൾ നിർമിക്കാനാണ് പദ്ധതി. കോഴിക്കോട് സൈബർഡോം കേന്ദ്രീകരിച്ച് ഗവേഷണം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്ത്.
ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന പ്രത്യേക ടൂൾ പ്രമുഖ ബ്രൗസറുകളുമായിച്ചേർന്ന് പ്രവർത്തിക്കുന്നതാകും. വായ്പത്തട്ടിപ്പ് ആപ്പുകളെ തിരഞ്ഞ് കണ്ടെത്തുന്നതിനുപകരം ബ്രൗസറിനൊപ്പം ബന്ധിപ്പിക്കാനാണ് നീക്കം.
ഇക്കാര്യങ്ങൾ സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗം കേന്ദ്രസർക്കാരിനെ അറിയിച്ചു. വിശദപദ്ധതിരേഖ നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഓൺലൈൻ തട്ടിപ്പ് അന്വേഷിക്കാൻ സൈബർ ഓപ്പറേഷൻസ് വിഭാഗം പ്രത്യേക മാർഗരേഖയും തയ്യാറാക്കി.