തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെയ്ക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് സര്‍വീസ് നിര്‍ത്തിവെക്കുക. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളുടെ പുനഃക്രമീകരിച്ച സമയ വിവരം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകും.
1932 -ല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന രീതിയാണിത്. എല്ലാ വര്‍ഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ സമയത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാറുണ്ട്.
മാര്‍ച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുള്ള അല്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ട് ഉത്സവം നടക്കുന്നത്.