കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: കോടതികള്‍ക്ക് വേണ്ടി ഇറക്കിയ ശൈലീപുസ്തകത്തില്‍ നിന്ന് 'ലൈംഗിക തൊഴിലാളി' എന്ന വിശേഷണം നീക്കി സുപ്രീം കോടതി. ഇതിന് പകരം വാണിജ്യ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീ, മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട അതിജീവിത, വാണിജ്യ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിതയായ സ്ത്രീ എന്നീ വാക്കുകള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.
ലിംഗ വിവേചനമുള്ള സ്റ്റീരിയോ ടൈപ്പ്ഡ് ഭാഷാപ്രയോഗങ്ങള്‍ കോടതികളില്‍ നിന്ന് ഒഴിവാക്കുന്നതിനായി കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ ലൈംഗിക തൊഴിലാളി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ ചില സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. നേരത്തെ കൈപ്പുസ്തകത്തില്‍ വേശ്യ എന്ന പദം വേണ്ടെന്നും പകരം ലൈംഗിക തൊഴിലാളി എന്ന് മതിയെന്നുമുള്ള ആവശ്യത്തെ തുടര്‍ന്നായിരുന്നു ഈ വാക്കുകള്‍ ഉപയോഗിച്ചത്. ഇതിനെതിരായി പ്രതിഷേധിച്ചവര്‍ ഈ വിശേഷണം സ്വന്തം ഇഷ്ടപ്രകാരം വാണിജ്യ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാള്‍ എന്ന ധ്വനി നല്‍കുകയാണെന്ന് ആരോപിച്ചിരുന്നു.
ഇത് യാഥാര്‍ത്ഥ്യവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ആഗസ്റ്റ് 28 ന് വിവിധ സംഘടനകള്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പല സ്ത്രീകളും ചൂഷണം, ചതി തുടങ്ങിയ കാരണങ്ങളില്‍ പെട്ടാണ് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത്. ഇതിന് പകരം പുതിയ വാക്കുകള്‍ വേണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.
കഴിഞ്ഞ ശനിയാഴ്ച്ച സുപ്രീം കോടതിയുടെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പ്ലാനിംഗ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അനുരാഗ് ഭാസ്‌കര്‍ ഈ ആവശ്യം അംഗീകരിച്ച് കൈപ്പുസ്തകത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി അറിയിച്ച് സംഘടനകള്‍ക്ക് കത്ത് നല്‍കി. പകരം വാക്കുകള്‍ ഉപയോഗിച്ചതായും ന്യായമായ ആശങ്ക ഉന്നയിച്ച് കത്തെഴുതിയതില്‍ എല്ലാവര്‍ക്കും ചീഫ് ജസ്റ്റിസ് ആശംസകള്‍ അറിയിച്ചതായും കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൈപ്പുസ്തകം ഉടന്‍ നവീകരിച്ച് പുറത്തിറക്കുമെന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ വ്യക്തമാക്കി.
കേരള ഹൈക്കോടതിയുടെ ഒരു വിവാദ ഉത്തരവിനെ പ്രത്യേകം പരാമര്‍ശിച്ച് ഒരു സ്ത്രീയുടെ സ്വഭാവത്തെ കുറിച്ചും ലൈംഗിക ചരിത്രം സംബന്ധിച്ചും അനുമാനങ്ങള്‍ നടത്തേണ്ടതില്ലെന്ന് കൈപ്പുസ്തകം അടിവരയിട്ട് പറയുന്നുണ്ട്. സ്റ്റീരിയോ ടൈപ്പിംഗ് ഭാഷയുടെ ഉപയോഗം കോടതി മുറിക്കും അപ്പുറത്തേക്ക് പോകുന്ന കാര്യവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും കൈപ്പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">